ആലപ്പുഴ : ശവക്കോട്ട പാലത്തിനു സമീപം ആക്സിൽ ഒടിഞ്ഞ് ചരക്കുലോറി കിടന്നതോടെ നഗരത്തിൽ ഗതാഗതം താറുമാറായി. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് എറണാകുളത്തേക്ക് ചരക്ക് കൊണ്ടുപോയ തമിഴ്നാട് രജിസ്ട്രേഷൻ ലോറിയുടെ ആക്സിൽ ഒടിഞ്ഞത്.

ഇവിടെയുണ്ടായ ഗതാഗതക്കുരുക്ക് നഗരത്തെ മൊത്തം ബാധിച്ചു. ഉച്ചയോടെ ലോറി മാറ്റുന്നത് വരെ വൺവേയായാണ് പൊലീസിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ കടത്തി വിട്ടത്. ശവക്കോട്ട പാലം, കൊമ്മാടി,കലവൂർ,മണ്ണഞ്ചേരി,കൈചൂണ്ടി മുക്ക്,ജില്ലാ കോടതി പാലം, കളർകോട് എന്നിവിടങ്ങളിൽ വാഹനങ്ങളുടെ വലിയ നിരയായിരുന്നു. പല സ്ഥലങ്ങളിലും പൊലീസും നാട്ടുകാരും ചേർന്നാണ് ഗതാഗതം സുഗമമാക്കിയത്.എറണാകുളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കലവൂരിൽ നിന്ന് കിഴക്കോട്ട് തിരിച്ച് മണ്ണഞ്ചേരി വഴി കൈചൂണ്ടി ജംഗ്ഷൻ വഴിയാണ് നഗരത്തിൽ പ്രവേശിച്ചത്. പല സ്വകാര്യ ബസുകളും ഗതാഗത കുരുക്ക് കാരണം കലവൂരിലേക്കുള്ള സർവീസ് റദ്ദ് ചെയ്തു.