 വില്ലേജ് സംരംഭകത്വ പദ്ധതിക്ക് നല്ല പ്രതികരണം

പൂച്ചാക്കൽ : കേന്ദ്ര സർക്കാർ കുടുംബശ്രീ വഴി നടപ്പാക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് സംരംഭകത്വത്തിൽ തൈക്കാട്ടുശേരി ബ്ളോക്ക് പഞ്ചായത്ത് വിജയകരമായി മുന്നോട്ട്. ഗ്രാമീണമേഖലയിൽ കുടുംബശ്രീ അംഗങ്ങൾക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനാണ് സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം അവസരമൊരുക്കുന്നത്. കുടുംബശ്രീ മിഷന്റെ ദേശീയസമിതിയായ നാഷണൽ റിസോഴ്‌സ് ഓർഗനൈസേഷനാണ് സംസ്ഥാനത്തെ 14 ബ്ലോക്ക് പഞ്ചായത്തുകളിൽ എസ്. വി. ഇ. പി. പദ്ധതിക്ക് തുടക്കമിട്ടത്. ജില്ലയിൽ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിനെയാണ് പൈലറ്റ് പ്രോഗ്രാമിനായി തിരഞ്ഞെടുത്തത്.

ചെറിയ വ്യവസായ യൂണിറ്റിന്റെ ആശയവുമായി വരുന്ന വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും തുടക്കത്തിൽ തന്നെ വിവിധ തലങ്ങളിൽ ബോധവത്കരണം നടത്തിയതിനുശേഷമാണ് വ്യവസായം തുടങ്ങാൻ അനുമതി നൽകുന്നത്. അതിനായി ജില്ലാ പ്രോഗ്രാം മാനേജർ, മെന്റർ എന്നിവരുടെ നിയന്ത്രണത്തിലുളള പരിശീലനം നേടിയ 9 മൈക്രോ എന്റർപ്രൈസസ് എന്റർപ്രണർഷിപ്പ് കൺസൾട്ടന്റുമാർ പ്രവർത്തിക്കുന്നു.

സംരംഭങ്ങൾ തുടങ്ങുമ്പോൾ തന്നെ ആവശ്യമുളള പണം വായ്പയായി അനുവദിക്കുന്നുവെന്നതാണ് ഈ പ്രോഗ്രാമിന്റെ സവിശേഷത. മൊത്തം ഫണ്ടിന്റെ 60 ശതമാനം കേന്ദ്രസർക്കാരിന്റെ ദേശീയഗ്രാമവികസന മന്ത്രാലയവും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. വ്യക്തികൾക്ക് 50,000 രൂപയും ഗ്രൂപ്പുകൾക്ക് 1,50,000 രൂപയും വായ്പയായി അനുവദിക്കും. നാല് ശതമാനം പലിശ മാത്രമേ സംരംഭകരിൽ നിന്ന് ഈടാക്കുന്നുളളു.

 തുടങ്ങാവുന്ന സംരംഭങ്ങൾ
ശുദ്ധമായ വെളിച്ചെണ്ണയ്ക്കുളള കൊപ്ര, വനിതകളുടെ തട്ടുകട, വനിതാ കാന്റീനുകൾ, ഉണക്കമീൻ വ്യവസായം, കക്കാതോട് യുണിറ്റ് വ്യവസായം, പലതരത്തിലുളള പലഹാര നിർമ്മാണം, കാറ്ററിംഗ് സർവീസ്, തയ്യൽ യൂണിറ്റുകൾ, ഡി. റ്റി. പി. സെന്റർ, പി. എസ്. സി.കോച്ചിംഗ് സെന്റർ

ഗുണഭോക്താക്കൾ (ഗ്രാമപഞ്ചായത്തുകൾ)

 ചേന്നംപളളിപ്പുറം

 തൈക്കാട്ടുശേരി

 പാണാവള്ളി

 അരൂക്കുറ്റി

 പെരുമ്പളം

.....

 ഇതുവരെ അനുവദിച്ച ഫണ്ട് : 1.18 കോടി

 സർവേയിലെ സംരംഭങ്ങൾ: 1561

 തുടങ്ങിയ സംരംഭങ്ങൾ: 463

പലിശ 4%

 കടമ്പ കടന്നു

ഒരു വർഷം മുമ്പ് കുടുംബശ്രീ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി കേന്ദ്ര സർക്കാരിന് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെക്കാട്ടുശേരിയിൽ പദ്ധതിക്ക് അനുമതി ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്തിൽ വിവിധ സർവേകളിൽ കണ്ടെത്തിയ 1561 പദ്ധതികൾ 4 വർഷം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതിനകം തുടങ്ങിയ 463 സംരംഭങ്ങൾ വിജയകരമായി മുന്നോട്ടു പോകുന്നു.

.......

'' ജില്ലയിൽ തെക്കാട്ടുശേരിയിലാണ് സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം നടക്കുന്നത്. ഒരു വർഷം മുമ്പ് തുടങ്ങിയ പദ്ധതി വിജയകരമായി മുന്നോട്ട് പോകുന്നു

(സി.പി.സുനിൽ,കുടുംബശ്രീ ജില്ലാ-കോർഡിനേറ്റർ)


'' സ്ത്രീശാക്തീകരണത്തിലൂടെ കുടുംബങ്ങളിൽ സാമ്പത്തികമുന്നേറ്റം എന്നതാണ് സ്റ്റാർട്ടപ്പ് പദ്ധതിയുടെ ലക്ഷ്യം. സംരംഭകർ വലിയ ആത്മവിശ്വാസത്തിലൂടെയാണ് മുന്നോട്ടു പോകുന്നത് .

(അപർണ അനിൽകുമാർ,ചെയർപേഴ്‌സൺ ബ്ലോക്ക് നോഡൽ കമ്മറ്റി)

''തയ്യൽക്കട മാത്രമായി മുന്നോട്ടുപോയ സമയത്താണ് സാറ്റാർട്ടപ്പ് പദ്ധതിയെക്കുറിച്ച് അറിഞ്ഞത്. ഇന്ന് എനിക്ക് സ്വന്തമായി ഒരു ടെക്‌സ്റ്റൈൽ ഷോപ്പ് നടത്താൻ സാധിച്ചത് ഈ പദ്ധതിയിലൂടെയാണ്.

(ഉഷ സുശീലൻ,സംരംഭക)