ആറാട്ടുപുഴയിലെ കടലാക്രമണ പ്രദേശത്തെ കല്ല് പാകൽ ഒരാഴ്ചയ്ക്കകം പൂർത്തിയാകും

ആലപ്പുഴ: ജില്ലയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വിൽപന തടയുന്നതിന് പരിശോധനയും നിരീക്ഷണവും എക്സൈസ് വകുപ്പ് കൂടുതൽ ശകതമാക്കി.ആറ് കേസുകൾ രജിസ്റ്റർ ചെയ്തതായി എക്‌സൈസ് ഉദ്യോഗസ്ഥർ ഇന്നലെ നടന്നവികസന സമിതി യോഗത്തിൽ വ്യക്തമാക്കി. ആറാട്ടുപുഴയിലെ കടലാക്രമണബാധിത പ്രദേശം 150 മീറ്ററിൽ കല്ലു പാകി കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ ഒരാഴ്ചയ്ക്കകം പൂർത്തിയാകുമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം അധികൃതർ യോഗത്തിൽ അറിയിച്ചു. 44 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ ജോലികൾ പുരോഗമിച്ചുവരികയാണ്. കളക്ടർ എം.അഞ്ജനയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ആസൂത്രണ സമിതി ഹാളിലായിരുന്നു യോഗം . തോമസ് ചാണ്ടി എം.എൽ.എയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്.

അരൂർ നിയോജക മണ്ഡലത്തിലെ തീരദേശ മേഖലയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് മറവൻതുരുത്ത് ഭാഗത്തെ നാലു കിലോമീറ്ററോളം പൈപ്പ് ലൈൻ മാറ്റുന്ന നടപടികൾ ജനുവരി 10 തുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു

 പടിഞ്ഞാറെ കവല വികസനം

ചേർത്തല പടിഞ്ഞാറെ കവലയുടെ വികസനപ്രവർത്തനങ്ങളുടെ പുരോഗതി യോഗം ചർച്ച ചെയ്തു. ആകെ 30 ഉടമകളിൽ നിന്നും സ്ഥലം ഏറ്റെടുക്കേണ്ടതിൽ 27 പേരുടെ ഡീറ്റൈൽഡ് വാല്യൂവേഷൻ സ്റ്റേറ്റ്‌മെൻറ് ലഭ്യമാക്കി. 14 പേരുടെ വസ്തു സർക്കാരിലേക്ക് രജിസ്റ്റർ ചെയ്തു. ദേശീയപാതയിൽ കൃപാസനം ധ്യാന കേന്ദ്രത്തിന് സമീപമുള്ള ഗതാഗത തടസ്സം പരിഹരിക്കുന്നതിന് റോഡ് വീതി കൂട്ടുന്നതിനെപ്പറ്റിയും ട്രാൻസ്‌ഫോമർ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ചും സാദ്ധ്യത പരിഗണിക്കാൻ യോഗം നിർദ്ദേശിച്ചു.

എ.സി. കനാലിന്റെ പടിഞ്ഞാറെ അറ്റത്തെ പാലത്തിന്റെ കാലുകളിൽ മാലിന്യം അടിഞ്ഞ് ജലനിർഗമനം തടസ്സപ്പെട്ടിരിക്കുന്നത് സംബന്ധിച്ച് യോഗത്തിൽ ആക്ഷേപം ഉയർന്നു. മാലിന്യം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കളക്ടർ നിർദ്ദേശം നൽകി.

ജില്ല പ്ലാനിംഗ് ഓഫീസർ കെ.എസ്.ലതി, കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി എം.എൻ.ചന്ദ്രപ്രകാശ്, ധനകാര്യ മന്ത്രിയുടെ പ്രതിനിധി കെ.ഡി.മഹീന്ദ്രൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് മണി വിശ്വനാഥ് തുടങ്ങിയവർ പങ്കെടുത്തു.