വ്യാപക ക്രമക്കേട് കണ്ടെത്തി
ആലപ്പുഴ: കേന്ദ്ര മോട്ടോർ വെഹിക്കിൾ നിയമം പാലിക്കാതെ ഡ്രൈവിംഗ് സ്‌കൂളുകൾ പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ വിജിലൻസ് യൂണിറ്റ് ചേർത്തലയിലും പരിസര പ്രദേശങ്ങളിലും ഡ്രൈവിംഗ് സ്‌കൂളുകളിൽ മിന്നൽ പരിശോധന നടത്തി. വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ (എം എം വി/ ഐ ടി ഐ) സർട്ടിഫിക്കറ്റ് യോഗ്യതയുളളവരാവണം ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ എന്ന നിയമം പാലിക്കാത്തത് ശ്രദ്ധയിൽപ്പെട്ടു. യോഗ്യതയുള്ള ഇൻസ്ട്രക്ടർമാർ അവരുടെ ലൈസൻസ് ഡ്രൈവിംഗ് സ്‌കൂളുകൾക്ക് നൽകി മാസപ്പടി പറ്റുകയും മറ്റുജോലികൾക്ക് പോവുകയും ചെയ്യുന്നതായി കണ്ടെത്തി.
മോട്ടോർവെഹിക്കിൾ ഡിപ്പാർട്ടുമെൻറ് ഡ്രൈവിംഗ് സ്‌കൂൾ നടത്തുന്നതിന് അനുവദിച്ച ലൈസൻസിൽ ഉൾപ്പെടാത്ത വാഹനങ്ങളുപയോഗിച്ച് ഡ്രൈവിംഗ് പഠിപ്പിക്കുന്നതായും പരിശോധനയിൽ വ്യക്തമായി.
വിജിലൻസ് കിഴക്കൻമേഖല സൂപ്രണ്ട് വിനോദ് കുമാറിന്റെ നിർദ്ദേശ പ്രകാരം ആലപ്പുഴ വിജിലൻസ് യൂണിറ്റിലെ ഇൻസ്‌പെക്ടർ കെ വി ബെന്നി, ആലപ്പുഴ റീജണൽ ട്രാൻസ്‌പോർട്ട് ഓഫിസിലെ എം.വി.ഐ പത്മകുമാർ, എസ്.ഐ പീറ്റർ അലക്‌സാണ്ടർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ജോസഫ് , കൃഷ്ണകുമാർ, സുധീപ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.