ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ടുനോയമ്പ് മഹോത്സവം ചക്കരക്കുളത്തിൽ ആറാട്ടോടെ സമാപിച്ചു. മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, തന്ത്രി ഒളശ്ശമംഗലത്തില്ലത്ത് ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലായിരുന്നു ആറാട്ട് . ആറാട്ടിന് മുന്നോടിയായി ആനപ്രമ്പാൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്നും മുത്താരമ്മൻ കോവിലിൽ നിന്നും എത്തിയ കാവടി, കരകം, എണ്ണക്കുടം വരവ് ക്ഷേത്രത്തിൽ എത്തിയതോടെ മഞ്ഞനീരാട്ട് നടന്നു. ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. തുടർന്ന് ഉണ്ണികൃഷ്ണൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി എന്നിവർ ചേർന്ന് തൃക്കൊടിയിറക്കും, അശോകൻ നമ്പൂതിരി, രാജു നമ്പൂതിരി എന്നിവർ ചമയകൊടിയിറക്കും നടത്തി.
പന്ത്രണ്ട് ദിവസം നീണ്ടുനിന്ന ഉത്സവത്തിൽ പങ്കെടുക്കാൻ കേരളത്തിനകത്തും പുറത്തുനിന്നും പതിനായിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തിയെന്ന് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി പറഞ്ഞു. ചക്കുളത്തമ്മ മാതൃുവേദി സംഘടനയുടെ നേതൃത്വത്തിൽ എല്ലാ ദിവസവും ഭക്ഷണവിതരണം നടത്തിയതായി മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അറിയിച്ചു. കെ.എസ്.ആർ.ടി.സി ദിവസേന പ്രത്യേക സർവീസ് നടത്തി. ക്ഷേത്രം അഡ്മനിസ്‌ട്രേറ്റർ അഡ്വ.കെ.കെ. ഗോപാലകൃഷ്ണൻ നായർ, ഹരിക്കുട്ടൻ നമ്പൂതിരി, ജയസൂര്യ നമ്പുതിരി, ദുർഗാദത്തൻ നമ്പതിരി, അജിത്ത് കുമാർ പിഷാരത്ത്, കെ. സതീഷ് കുമാർ, സന്തോഷ് ഗോകുലം, രാജി അന്തർജ്ജനം, ഷേർലി അനിൽ, അ പി.ഡി കുട്ടപ്പൻ എന്നിവർ പന്ത്രണ്ടുനോയമ്പു മഹോത്സവത്തിന് നേതൃത്വം നൽകി.