ആലപ്പുഴ: ജില്ലയ്ക്ക് ഓർക്കാർ ഒരുപിടിക്കാര്യങ്ങൾ അവശേഷിപ്പിച്ച് 2019 നാളെ വിടവാങ്ങുന്നു. വെള്ളപ്പൊക്കവും അപകടങ്ങളും തിരഞ്ഞെടുപ്പുകളുമൊക്കെയായി സംഭവ ബഹുലമായ ഒരു വർഷമാണ് ആലപ്പുഴയോട് യാത്രപറയുന്നത്. ആ വഴികളിലൂടെ ചെറിയൊരു യാത്ര...
ജില്ലയിൽ 21 കൊലപാതക കേസുകളും 327 അടിപിടി കേസുകളും 3,294 അപകടങ്ങളും ഈ വർഷം ഇന്നലെവരെ റിപ്പോർട്ട് ചെയ്തു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ 20ൽ 19 സീറ്റും യു.ഡി.എഫ് നേടിയപ്പോൾ സിറ്റിംഗ് സീറ്റായ ആലപ്പുഴ അട്ടിമറിയിലൂടെ എൽ.ഡി.എഫിലെ എ.എം.ആരിഫ് തിരിച്ചു പിടിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആരിഫിനോടു പരാജപ്പെട്ട അഡ്വ. ഷാനിമോൾ ഉസ്മാൻ, ആരിഫിന്റെ തട്ടകമായ അരൂരിൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് തിരിച്ചുപിടിച്ചതും രാഷ്ട്രീയ രംഗത്ത് ഏറെ ചർച്ചയായി.
തുറവൂർ സ്വദേശി എസ്.സോമനാഥ് ഐ.എസ്.ആർ.ഒയുടെ പുതിയ മേധാവിയാകുമെന്ന വിവരം ജില്ലയ്ക്ക് ഏറെ അഭിമാനം പകർന്നു. ചന്ദ്രയാൻ 2 വിക്ഷേപണ പദ്ധതിയിൽ നിർണായക പങ്ക് വഹിച്ച വിക്രം സാരാഭായ് സ്‌പേസ് സെന്റർ ഡയറക്ടറാണ് 54കാരനായ എസ്. സോമനാഥ്.
ജില്ലയിലെ കായൽ ടൂറിസത്തിന്റെ 'ബ്രാൻഡ് അംബാസഡർ' കൂടി ആയിരുന്ന തോമസ് ചാണ്ടി എം.എൽ.എയുടെ അകാല വേർപാട് 2019ന്റെ ദു:ഖമായി. നെഹ്രുട്രോഫി ജലമേളയിൽ തുടങ്ങുന്ന പ്രഥമ സി.ബി.എൽ ചാമ്പ്യൻഷിപ്പിന് തുടക്കം കുറിച്ചതും ഈ വർഷമാണ്. കഴിഞ്ഞ വർഷത്തെ പ്രളയത്തിന്റെ വാർഷികത്തോടനുബന്ധിച്ച് വീണ്ടുമുണ്ടായ വെള്ളപ്പൊക്കം കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ വലിയ കൃഷിനാശമാണുണ്ടാക്കിയത്.
പ്രണയാഭ്യർത്ഥന നിരസിച്ചതിന് വള്ളികുന്നം സ്വദേശിയായ വനിതാ സിവിൽ പൊലീസ് ഓഫീസറെ കാമുകനായ പൊലീസുകാരൻ വീട്ടിലെത്തി പട്ടാപ്പകൽ വെട്ടിവീഴ്ത്തി പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയത് ദാരുണ സംഭവമായി. പൊള്ളലേറ്റ പൊലീസുകാരനും മരണമടഞ്ഞിരുന്നു.
പത്തുമാസം പ്രായമുള്ള മകനുമൊത്ത് ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിനിടെ മകൻ മരിച്ച സംഭവത്തിൽ അമ്മ, മാവേലിക്കര സ്വദേശിയായ ദീപയെ ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. പുന്നപ്രയിൽ ഭാര്യയെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിലെ പ്രതിക്ക് ഒരു മാസം മുമ്പ് വധശിക്ഷ വിധിച്ചിരുന്നു. മാവേലിക്കരയിൽ ദമ്പതികളെ അടിച്ചുകൊന്ന കേസിലെ പ്രതി സുധീഷിനും ആലപ്പുഴ കോടതി വധശിക്ഷ വിധിച്ചു.
....................................................
# കൊല്ലപ്പെട്ടവർ 23
ഈ വർഷം ജില്ലയിൽ നടന്ന 23 കൊലപാതകങ്ങളിൽ നാലെണ്ണം ആലപ്പുഴ നഗരത്തിലും പരിസരത്തുമായിരുന്നു.
നാലു മാസത്തിനിടെ നാലു പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. കഴിഞ്ഞ 15ന് രാത്രിയിൽ തുമ്പോളിയിൽ നിരവധി കേസുകളിൽ പ്രതികളായ രണ്ട് യുവാക്കളെ ആറംഗസംഘം കൊലപ്പെടുത്തിയതാണ് ഒടുവിലത്തെ സംഭവം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിനു പിന്നിൽ. പറവൂരിൽ കാകൻ മനു എന്ന യുവാവിനെ കൊലപ്പെടുത്തിയതും തിരുവമ്പാടിയിലെ വീട്ടിൽ മേരി ജാക്വലിൻ എന്ന സ്ത്രീ കൊല്ലപ്പട്ടതുമാണ് മറ്റ് രണ്ട് സംഭവങ്ങൾ. കാകൻ മനുവിന്റെ കൊലപാതകത്തിനു പിന്നിലും ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമായിരുന്നു.
മേരി ജാക്വിലിനെയും കാകൻ മനുവിനെയും കൊലപ്പടുത്തിയ സംഭവത്തിന് ദൃക്സാക്ഷികൾ ഇല്ലായിരുന്നെങ്കിലും പൊലീസിന്റെ കൃത്യമായ അന്വേഷണത്തിൽ മുഴുവൻ പ്രതികളും കുടുങ്ങി. പണവും സ്വർണ്ണവും തട്ടിയെടുക്കാനായി സെക്സ് റാക്കറ്റിലെ മൂന്ന് പേരാണ് തിരുവമ്പാടിയിലെ വീട്ടിൽ മേരി ജാക്വിലിനെ കൊലപെടുത്തിയത്. പാതിരപ്പള്ളിയിൽ രണ്ട് വീട്ടമ്മമാർ സ്കൂട്ടർ അപകടത്തിൽ മരിച്ച സംഭവം നൊമ്പരപ്പെടുത്തുന്നതായി.
.............................................
ആലപ്പുഴ: 2019 ജനുവരി- ഡിസംബർ
അപകടങ്ങൾ........3294
മരണം........370
ഗുരുതര പരിക്ക്........2679
ചെറിയ പരിക്ക്........1118
കൊലപാതക കേസുകൾ ......21
കൊല്ലപ്പെട്ടവർ.............23
പ്രതികൾ................58
അറസ്റ്റിലായവർ...........55
അടിപിടി കേസുകൾ.......327
പ്രതികൾ...........1723
അറസ്റ്റ് .........1608