മാവേലിക്കര: മാവേലിക്കരയുടെ സാമൂഹിക, ആത്മീയ മേഖലകളിൽ കുതിപ്പും കിതപ്പും നിറഞ്ഞതായിരുന്നു പോയവർഷം. രാഷ്ട്രീയ സംഘർഷങ്ങളും വികസനമേഖലയിലെ പുതിയ പദ്ധതികളും പ്രമാദമായ കവർച്ചക്കേസുകളും ഒരാണ്ടിന്റെ നാൾവഴികളെ സംഭവബഹുലമാക്കി.
സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ മാവേലിക്കരയ്ക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നതായി.
സംസ്ഥാനത്തിന്റെ തന്നെ അഭിമാന പദ്ധതിയായ ലോക കേരള കേന്ദ്രം, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം, റൈസ് പാർക്ക്, തഴക്കര മാവേലിക്കര കുടിവെള്ള പദ്ധതി എന്നിവ
ബഡ്ജറ്റിൽ ഇടംപിടിച്ചു.
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ ദേവപ്രശ്നം, മഹാഭാരതം തത്വസമീക്ഷ എന്നിവ ചരിത്ര മുഹൂർത്തങ്ങളായി. ഭക്തസഹസ്രങ്ങൾക്ക് ആനന്ദനിർവൃതി പകർന്ന ഈ ചടങ്ങുകൾ. മാവേലിക്കരയിലെ എടുത്തുപറയേണ്ട വിശേഷങ്ങളായി.
ചെട്ടികുളങ്ങര മേഖയിൽ ഉടലെടുത്ത രാഷ്ട്രീയ ആക്രമണങ്ങൾ വീണ്ടും നാട്ടുകാരുടെ ഉറക്കം കെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരുടെ വീടുകളിലേക്ക് കണ്ണൂർ മോഡൽ ബോംബ് ആക്രമണം മാവേലിക്കരയിൽ പുതിയ അനുഭവങ്ങളായിരുന്നു. ഒരാഴ്ച നീണ്ടുനിന്ന അക്രമസംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിന് പൊലീസ് ഏറെ ബുദ്ധിമുട്ടി.
മഹാരാഷ്ട്രയിൽ മുത്തൂറ്റ് ബാങ്ക് ജീവനക്കാരൻ അറുന്നൂറ്റിമംഗലം മുറിവായ്ക്കര ബ്ലെസ് ഭവനിൽ സാജു ശാമുവേൽ (28) നാസിക്കിൽ ബാങ്ക് കൊള്ളക്കാരുടെ വെടിയേറ്റു മരിച്ച സംഭവം നാടിന്റെ വേദനയായി. രണ്ട് അന്തർ സംസ്ഥാന മോഷ്ടാക്കൾ പോയ വർഷം പിടിയിലായത് മാവേലിക്കരയിൽ നിന്നാണ്. 125 ഓളം മേഷണക്കേസുകളിൽ പ്രതിയായ തമിഴ്‌നാട് സ്വദേശി സുന്ദരരാജനെ മാവേലിക്കര പൊലീസും അന്തർസംസ്ഥാന മോഷ്ടാവ് നെയ്യാറ്റിൻകര സ്വദേശി ആൽബിൻ രാജിനെ കുറത്തികാട് പൊലീസും അറസ്റ്റ് ചെയ്തത് തൊട്ടടുത്ത ദിവസങ്ങളിലാണ്.