ആലപ്പുഴ: പൗരത്വ നിയമഭേദഗതിക്ക് എതിരെയുള്ള പ്രക്ഷോഭകർക്ക് ശക്തിപകരാനാണ് സർക്കാർ സർവകക്ഷി യോഗം വിളിച്ചതെന്ന് മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു. ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർവകക്ഷി യോഗത്തിന്റെ അന്തസ് ഇല്ലാതാക്കും വിധം ബഹുകക്ഷി യോഗമാണ് നടത്തിയത്. രാജ്യത്തെ എല്ലാ പൗരൻമാർക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. ഗവർണറെ വിമർശിച്ച സ്പീക്കർക്ക്, നിയമ നിർമ്മാണ സഭകൾ പാസാക്കിയ നിയമം നടപ്പാക്കേണ്ട എന്ന മനോഭാവമാണുള്ളത്. സഭ പാസാക്കുന്ന നിയമം നടപ്പാക്കില്ലെന്നാണ് മന്ത്രിമാരും പ്രതിപക്ഷ നേതാവും പറയുന്നത്. ഇത് ജനാധിപത്യത്തിലുള്ള വിശ്വാസം തകർക്കാനേ വഴിയൊരുക്കൂ. ആശയം ഇല്ലാത്തവരാണ് പ്രക്ഷോഭത്തിന് പിന്തുണ നൽകുന്നത്. സി.പി.എമ്മും കോൺഗ്രസും ഒന്നിച്ചുനിന്നാണ് ബി.ജെ.പിയെ എതിർക്കുന്നത്. ആരെതിർത്താലും ജനങ്ങൾക്കു നൽകിയ വാഗ്ദാനം നടപ്പാക്കും. കയ്യൂക്കിന്റെ ഭാഷയിൽ അടിച്ചമർത്താമെന്ന് സി.പി.എം കരുതേണ്ട. സി.പി.എമ്മിന് ഇഷ്ടമുള്ള തീരുമാനം സർവകക്ഷി എന്ന ഓമനപ്പേരിൽ അടിച്ചേൽപ്പിക്കാനാണ് യോഗം വിളിച്ചത്. അതിൽ ബി.ജെ.പി പങ്കെടുക്കേണ്ട ആവശ്യമില്ല. ഭൂരിപക്ഷം ചരിത്രകാരൻമാരും കൂലി എഴുത്തുകാരാണ്. ക്ഷണിക്കാത്ത ആൾ ഗവർണരുടെ വേദിയിൽ എത്തിയതിനെ കുറിച്ച് അന്വേഷണം നടത്താൻ പൊലീസ് തയ്യാറാകണം. മതത്തിന്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് കോൺഗ്രസും സി.പി.എമ്മും ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് കെ.സോമൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എം.വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. വെളിയാകുളം പരമേശ്വരൻ, കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, അഡ്വ. സജീവ്, എം.വി.ഗോപകുമാർ, എൽ.പി.ജയചന്ദ്രൻ, കർത്ത, സജീവ് ലാൽ, ശാന്തകുമാരി, സുമി ഷീബു, ശ്യാമള കൃഷ്ണൻ എന്നിവർ സംസാരിച്ചു.