ചേർത്തല: ദേശീയപാത പുനർനിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടാവുന്ന രൂക്ഷമായ പൊടിശല്യം മൂലം ചേർത്തല റെയിൽവെ സ്റ്റേഷൻ പരിസരത്തെ വ്യാപാരികളും യാത്രക്കാരും ദുരിതത്തിൽ.
മൂന്നു ദിവസം മുമ്പാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. സ്റ്റേഷൻ പരിസരത്തെ മുഴുവൻ കടകളും മൂന്നു ദിവസമായി തുറക്കുന്നില്ല. യാത്രക്കാർ വളരെ കഷ്ടപ്പെട്ടാണ് സ്റ്റേഷനിലേക്ക് എത്തുന്നത്. കടകൾ അടഞ്ഞു കിടക്കുന്നതിനാൽ സ്റ്റേഷൻ പരിസരത്ത് ഹർത്താലിന് സമാനമാണ് കാര്യങ്ങൾ. സ്റ്റേഷന് മുന്നിലെ ബസ് സ്റ്റോപ്പിലും യാത്രക്കാരെ കാണാനില്ല. സമീപത്തെ ശക്തീശ്വരം കവലയിൽ നിന്നാണ് യാത്രക്കാർ മറ്റ് പ്രദേശങ്ങളിലേക്കു പോകുന്നത്.
സമീപത്തെ വീടുകളിൽ താമസിക്കുന്നവരും ദുരിതത്തിലാണ്. പലരും വീടിന് പുറത്തുപോലും ഇറങ്ങുന്നില്ല. റെയിൽവേ സ്റ്റേഷനിലേക്ക് വരേണ്ടവർ കിലോമീറ്റർ ദൂരെ വാഹനം പാർക്ക് ചെയ്ത ശേഷമാണ് എത്തുന്നത്. വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഉയർന്നു പൊങ്ങുന്ന പൊടിമൂലം അപകടത്തിന്റെ വക്കിലെത്തുന്നത് ബൈക്ക് യാത്രികരാണ്. റോഡ് നിർമ്മാണത്തിന്റെ കരാറെടുത്ത കമ്പനിക്കാർ കണ്ണടച്ച് പണി തുടരുമ്പോൾ പൊതുമരാമത്ത് ദേശീയപാത വിഭാഗം അധികൃതർ കാഴ്ചക്കാരായി നിൽക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.