 കവചം പദ്ധതിയിൽ വിദ്യാർത്ഥികളുടെ സുരക്ഷ

ആലപ്പുഴ: പുതുവർഷത്തിൽ കുട്ടികൾക്ക് രക്ഷാകവചമൊരുക്കി പൊലീസ്. വീടുകളിലും സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും കുട്ടികൾ സുരക്ഷിതരല്ലെന്ന യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് 'കവചം' പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പ്രത്യേക കാരണമില്ലാതെ ക്ളാസിലെത്താത്ത കുട്ടികളേയും പ്രവൃത്തിസമയം അവസാനിക്കുന്നതിന് മുമ്പ് സ്കൂൾ വിട്ടുപോകുന്നവരെയും കണ്ടെത്താൻ സ്കൂൾ സുരക്ഷാ സമിതികൾ രൂപീകരിക്കുകയും കുട്ടികളോട് ചങ്ങാത്തം കൂടാൻവരുന്നവരെ പ്രത്യേകം നിരീക്ഷിക്കുകയുമാണ് കവചം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2019ൽ ജില്ലയിൽ 113 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കുട്ടികൾ ലൈംഗിംക ചൂഷണത്തിന് ഇരയാകുന്ന കേസുകളിൽ ഭൂരിഭാഗവും കുടുംബങ്ങളിൽ നിന്നുള്ളതാണ് എന്നതാണ് വസ്തുത. ജില്ലാ പൊലീസ് മേധാവിക്കാണ് പദ്ധതിയുടെ ചുമതല. പുരോഗതി സോഷ്യൽ പൊലീസിംഗ് വിഭാഗം എെ.ജി വിലയിരുത്തും. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസലിംഗ് നൽകും. ഇത്തരം കുടുംബങ്ങൾക്ക് സമൂഹത്തിലെ മറ്റു വിഭാഗക്കാരുമായി ബന്ധവും വിശ്വാസ്യതയും സ്ഥാപിക്കാൻ ബീറ്റ് ഒാഫീസർമാർ മുൻകൈ എടുക്കും. പോക്സോ കേസുകളിലെ അന്വേഷണത്തിന്റെ നിലവാരം ഉയർത്താൻ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേകപരിശീലനം നൽകും. കൂടാതെ മികച്ച അന്വേഷണത്തിനും വിചാരണ മേൽനോട്ടത്തിനും സമർത്ഥരായ ഉദ്യോഗസ്ഥരെ നിയോഗിക്കും.

..........................................

 പീഡന വഴി

അച്ഛന്മമാരുടെ നിയമപരമോ അല്ലാത്തതോ ആയ പുനർവിവാഹം, വിവാഹേതര ബന്ധങ്ങൾ, മാതാപിതാക്കൾ മരിച്ചതോ ബന്ധം വേർപെടുത്തിയതോ ആയ കുടുംബങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ഞെട്ടിക്കുന്ന ക്രൂരതകൾ മിക്കപ്പോഴും കുട്ടികൾക്കുനേരെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രണ്ടാനച്ഛൻ, രണ്ടാനമ്മ, ബന്ധുക്കൾ തുടങ്ങിയവരാണ് പ്രതിസ്ഥാനത്ത്. മുൻ കാലങ്ങളിൽ പെൺകുട്ടികൾക്കുള്ള ചൂഷങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ 15 വയസിനു താഴെയുള്ള ആൺകുട്ടികളും ലൈംഗിക ചൂഷണങ്ങൾക്ക് വിധേയരാകുന്നതായി പഠനങ്ങൾ പറയുന്നു.

.........................................

 ഞങ്ങൾ കാക്കും

കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലകൾ തോറും സംസ്ഥാന ശിശുക്ഷേമ സമിതി നിരീക്ഷണ, സംരക്ഷണ സെൽ രൂപീകരിക്കും. കളക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ തുടങ്ങിയവരുടെ സഹകരണത്തോടെ ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികൾ, തണൽ കുട്ടികളുടെ അഭയകേന്ദ്രത്തിന്റെ ജില്ലാ കോ ഓർഡിനേറ്റർമാർ എന്നിവർക്കായിരിക്കും നിരീക്ഷണ, സംരക്ഷണ സെല്ലിനായുള്ള പ്രത്യേക സംഘത്തിന്റെ ചുമതല. അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അഭയകേന്ദ്രത്തിനായി ഏർപ്പെടുത്തിയിട്ടുള്ള 1517 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയാക്കാം. ചൈൽഡ് വെൽഫയറിന്റെ 1098 നമ്പറിലും കേസുകൾ ഫയൽ ചെയ്യാം.

.............................

'ജില്ലയിൽ കുട്ടികൾക്ക് നേരെ അതിക്രമങ്ങൾ ധാരാളമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. എല്ലാ സംഭവങ്ങളിലും പ്രതികളെ അറസ്റ്റ് ചെയ്യുന്നുമുണ്ട്. കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള പ്രത്യേക ബോധവത്കരണ ക്ലാസുകളും കാമ്പയിനുകളും സംഘടിപ്പിക്കും. കവചം പദ്ധതിയിലൂടെ കുട്ടികൾക്കെതിരെയുള്ള അതിക്രമണങ്ങൾ തടയാൻ സാധിക്കും'

(കെ.എം.ടോമി, ജില്ലാ പൊലീസ് മേധാവി)

........................................

പോക്‌സോ കേസുകൾ ജില്ലയിൽ

(വർഷം, കേസുകൾ)

# 2015 .......49

# 2016 ....... 95

# 2017........85

# 2018 ......105

# 2019...... 113