ആലപ്പുഴ : കെ.എസ്.ആർ.ടി.സി ബസിന്റെ ട്രിപ്പുകൾ വെട്ടിക്കുറച്ചതിനെത്തുടർന്ന് വൈശ്യംഭാഗത്തുകാർ യാത്രാദുരിതത്തിൽ. രണ്ട് കിലോമീറ്റർ അകലെയുള്ള കഞ്ഞിപ്പാടത്തോ മൂന്നു കിലോമീറ്റർ അകലെ ചമ്പക്കുളത്തോ പോയി ബസ് കയറേണ്ട ഗതികേടിലാണ് യാത്രക്കാർ.
വർഷങ്ങളായി യാത്രാദുരിതം അനുഭവിച്ചു കൊണ്ടിരുന്ന വൈശ്യംഭാഗത്തുകാർക്ക് ആശ്വാസമായി കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങിയത് മാസങ്ങൾക്ക് മുമ്പ് കഞ്ഞിപ്പാടം- വൈശ്യംഭാഗം പാലം ഉദ്ഘാടനദിവസമാണ്. നാട്ടുകാരുടെ ഇടപെടലിനെ തുടർന്നാണ് ആലപ്പുഴ ഡിപ്പോയിൽ നിന്ന് വൈശ്യംഭാഗത്തേക്ക് സർവീസ് അനുവദിച്ചത്.
നാല് മാസം മുമ്പാണ് രാവിലെയും വൈകിട്ടുമായി 7 ട്രിപ്പുകൾ ഇവിടേക്ക് തുടങ്ങിയത്. എന്നാൽ കളക്ഷൻ കുറവ് കാരണം 4 ട്രിപ്പുകളായി അധികൃതർ സർവീസ് വെട്ടിക്കുറച്ചു. നിലവിൽ രാവിലത്തെ ഒരു ട്രിപ്പും വൈകിട്ടത്തെ ട്രിപ്പുകളും പൂർണമായി നിറുത്തി. ചില ദിവസങ്ങളിൽ വൈകിട്ടത്തെ ഒരു ട്രിപ്പ് വഴിപാട് പോലെ നടത്തുമെന്നാണ് നാട്ടുകാർ പറയുന്നത്.
നിർദ്ധനരായ രോഗികൾ ഉൾപ്പടെയുള്ളവർക്ക് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്താനുള്ള ഏക ആശ്രയമായിരുന്നു ഇൗ ബസ് സർവീസ്. മുമ്പ് കഞ്ഞിപ്പാടം വരെ കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയിരുന്നപ്പോഴും സ്വകാര്യ ബസുകാരെ സഹായിക്കാൻ വേണ്ടി ട്രിപ്പുകൾ മുടക്കുമായിരുന്നെന്ന് ആക്ഷേപമുയർന്നിരുന്നു. ചെമ്പുംപുറം,കൊണ്ടാക്കൽ പ്രദേശങ്ങളിലുള്ളവർക്ക് ഏക ആശ്രയമായ ആലപ്പുഴ - വൈശ്യംഭാഗം ബസ് സർവീസ് പുനരാംഭിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്താനൊരുങ്ങുകയാണ് നാട്ടുകാർ.
ആലപ്പുഴ- വൈശ്യംഭാഷം
സർവീസ് (തുടക്കത്തിൽ)
രാവിലെ 7,8.50,9.10,9.30
വൈകിട്ട് 4,6, രാത്രി 8
വെട്ടിക്കുറച്ച സർവീസ്
രാവിലെ 7,8.50,11
വൈകിട്ട് 6(ചില ദിവസം മാത്രം)
'' കളക്‌ഷൻ തീരെ കുറവായതിനാലാണ് വൈശ്യംഭാഗത്തേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ചത്. മിക്ക ദിവസങ്ങളിലും മിനിമം കളക്‌ഷന് താഴെയാണ് ലഭ്യമായിരുന്നത്. രാവിലെയും വൈകിട്ടുമായി 4 ട്രിപ്പുകൾ ഇപ്പോൾ നടത്തുന്നുണ്ട്. ട്രിപ്പുകൾ വെട്ടിക്കുറച്ചില്ലെങ്കിൽ ഇൗ സർവീസ് ഒന്നാകെ നിറുത്തേണ്ട അവസ്ഥയിലേക്ക് പോകും. നിലവിൽ വെട്ടിക്കുറച്ച ട്രിപ്പുകൾക്ക് പകരം ഈ ബസ് ഉപയോഗിച്ച് തണ്ണീർമുക്കം,ചേർത്തല സർവീസുകൾ നടത്തുന്നത് ലാഭകരമാണ്.
(അശോക് കുമാർ,ട്രാൻസ്പോർട്ട് ഒാഫീസർ)
''നിരവധി ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും യാത്രക്കാരുമുള്ള ഇൗ പ്രദേശത്ത് ബസുകൾക്ക് കളക്ഷൻ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഷെഡ്യൂളുകൾ വെട്ടിക്കുറച്ചത്. പ്രൈവറ്റ് ബസ് ലോബിയെ സഹായിക്കുന്നതിന് ഡിപ്പാർട്ട് മെന്റിലെ ഉന്നത അധികാരികളുെട താത്പര്യമാണ് സർവീസ് വെട്ടിക്കുറയ്ക്കൽ.
(ടി.ജി.ജയകുമാർ,നാട്ടുകാരൻ)