കായംകുളം: ശിവഗിരിയിൽ നിന്ന് മടങ്ങുകയായിരുന്ന മിനി ബസും കാറും കൊറ്റുകുളങ്ങരയിൽ കൂട്ടി ഇടിച്ച് 4 പേർക്ക് പരിക്ക്. കാറിലുണ്ടായിരുന്ന മൂന്ന് പേർക്കും ബസിന്റെ ഡ്രൈവർക്കുമാണ് പരുക്കേറ്റത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം.
കാറിലുണ്ടായിരുന്ന പുല്ലുകുളങ്ങര സ്വദേശിയായ വിഷ്ണു, ഹരിപ്പാട് കവല സ്വദേശികളായ മനു, കാർത്തിക് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബസ് ഡ്രൈവർ രാജേഷിന് നിസാര പരിക്കുണ്ട്. തകർന്ന കാറിൽ നിന്നും മൂവരെയും ഏറെ പണിപ്പെട്ടാണ് നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ പ്പെട്ടവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കാറിലുണ്ടായിരുന്ന മൂവരെയും പ്രാഥമിക ശുശ്രൂഷകൾ നൽകി ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ക്ഷേത്രത്തിലെ ചെണ്ടമേളം കഴിഞ്ഞ് ആഹാരം കഴിക്കാൻ കാറിൽ എത്തിയതാണ് മൂവരും. കൊടുങ്ങല്ലൂരിലേക്ക് മടങ്ങി പോവുകയായിരുന്നു മിനി ബസ്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.