ആലപ്പുഴ: ജില്ലയിൽ അമ്പലപ്പുഴ മുതൽ അരൂർ വരെ സമ്പൂർണ വിശപ്പുരഹിത മേഖല ആക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള നടപടികൾ ആരംഭിക്കാൻ കളക്ടറേറ്റിൽ ചേർന്ന മന്ത്രിമാരുടെ യോഗത്തിൽ തീരുമാനിച്ചു. മന്ത്രി പി.തിലോത്തമൻ , മന്ത്രി ഡോ.ടി എം തോമസ് ഐസക് എന്നിവരാണ് യോഗം വിളിച്ചു ചേർത്തത്. ഇപ്പോൾ പല ഏജൻസികളും സന്നദ്ധസംഘടനകളും ആരാധനാലയങ്ങളും നല്ല മനുഷ്യരും സഹായിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സൗജന്യ ഭക്ഷണ വിതരണം നൽകുന്നുണ്ടെന്ന് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു.
ജില്ലയെ മുഴുവനായി വിശപ്പു രഹിത ജില്ല ആക്കുന്നതിനുള്ള പ്രാരംഭഘട്ടം എന്നനിലയിൽ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ ആദ്യം വിശപ്പുരഹിത പദ്ധതി പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. രണ്ടു രീതിയിലാണ് വിശപ്പുരഹിത ആലപ്പുഴ പദ്ധതി നടപ്പിലാക്കുന്നത് . കിടപ്പുരോഗികൾക്ക് വീടുകളിൽ ഭക്ഷണം എത്തിക്കുക, മിതമായ വിലയ്ക്ക് ഭക്ഷണം സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിന് ന്യായവില ഭക്ഷണകേന്ദ്രങ്ങൾ വ്യാപിപ്പിക്കുക. സബ്‌സിഡി ഇനത്തിൽ പണം നൽകുന്നതിന് പകരം അരിയും പലവ്യഞ്ജനങ്ങളും സബ്‌സിഡിയോടു കൂടി സപ്ലൈകോ വഴി ലഭ്യമാക്കും. ഈ സബ്‌സിഡി തുക സപ്ലൈകോയ്ക്ക് നൽകുകയാണ് ചെയ്യുക. സപ്ലൈകോ വഴി കുറഞ്ഞ നിരക്കിൽ അരി , ആവശ്യമായ പലവ്യഞ്ജനങ്ങൾ എന്നിവ ബന്ധപ്പെട്ട സന്നദ്ധസംഘടനകൾ നടത്തുന്ന കേന്ദ്രങ്ങൾക്ക് സർക്കാർ നൽകും. രണ്ടു താലൂക്കുകളെയും സമ്പൂർണ വിശപ്പുരഹിത താലൂക്കുകളായി ഏപ്രിൽ മാസത്തിൽ പ്രഖ്യാപിക്കുമെന്ന് തോമസ് ഐസക് വ്യക്തമാക്കി .