തുറവൂർ : പാൽ ഉത്പാദനത്തിൽ കേരളം ഉടൻ സ്വയം പര്യാപ്ത സംസ്ഥാനമായി മാറുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. 2020 ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ക്ഷീര സംഗമത്തിൽ പ്രഖ്യാപനം നടത്തും. പട്ടണക്കാട് ബ്ലോക്കിലെ ക്ഷീര കർഷക സംഗമവും പട്ടണക്കാട് പഞ്ചായത്ത് ക്ഷീരഗ്രാമം പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മന്ത്രി പി. തിലോത്തമൻ അദ്ധ്യക്ഷനായി. ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി പട്ടണക്കാട് പഞ്ചായത്തിന് അനുവദിച്ച 50 ലക്ഷം രൂപയുടെ ധനസഹായം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രമോദിന് മന്ത്രി കെ. രാജു കൈമാറി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ, വൈസ് പ്രസിഡന്റ് സി.ടി. വിനോദ്, ക്ഷീര വികസന വകുപ്പ് ഡയറക്ടർ എസ്. ശ്രീകുമാർ, ടി.ആർ.സി.എം.പി.യു. ചെയർമാൻ കല്ലട രമേശ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.ജി ശ്രീലത, ബി.ആശ തുടങ്ങിയവർ സംസാരിച്ചു. ക്ഷീര വികസന സെമിനാറിൽ ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ ഓഫീസർ നസീം ടി. ഹനീഫ്, റിട്ട. ക്ഷീര വികസന വകുപ്പ് അസി. ഡയറക്ടർ എം.ബി സുഭാഷ് എന്നിവർ വിഷയം അവതരിപ്പിച്ചു.