ഹരിപ്പാട്: ചേപ്പാട് സേക്രട്ട് ഹേർട്ട് മലങ്കര കത്തോലിക്ക പള്ളിയിൽ മോഷണം നടത്തിയ പ്രതികളെ കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ഷംലാമൻസിലിൽ ഷംനാദ് (34), അമ്പലപ്പുഴ വടക്ക് പരിയാരത്ത് വീട്ടിൽ അശോകൻ (40), ഇവരെ സഹായിച്ച തിരുവനന്തപുരം ചിറയിൻകീഴ് കടക്കാവൂർ അഞ്ചുതെങ്ങ് വാടിക്കകം തൊണ്ടുപുരയിടത്തിൽ സുരേഷ്കുമാറിന്റെ ഭാര്യ ഷാളറ്റ് (അശ്വതി–35) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബർ 5നായിരുന്നു കേസിനാസ്പദമായ സംഭവം. വികാരി സ്ഥലത്ത് ഇല്ലാതിരുന്ന ദിവസം പള്ളിയുടെ ഓഫീസിലും വികാരിയുടെ കിടപ്പ് മുറിയിൽ നിന്നുമായി മൂന്നുലക്ഷം രൂപയാണ് പ്രതികൾ അപഹരിച്ചത്. പള്ളിയുടെ സമീപത്തെ വീട്ടിലെ സി.സി.ടിവി ദൃശ്യം പരിശോധിച്ചതിൽ നിന്നാണ് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷംനാദിനെ കരീലക്കുളങ്ങരയിൽ നിന്നും, അശോകനെ വണ്ടാനത്തുനിന്നും, ഷാലറ്റിനെ തിരുവനന്തപുരത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. ഡിവൈ.എസ്.പി ആർ.ബിനുവിന്റെ നിർദ്ദേശ പ്രകാരം കരീലക്കുളങ്ങര സി.ഐ എസ്.നന്ദകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ വി.രാജ്കുമാർ, എ.എസ്.ഐ ജെ.ജയചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർമാരായ അൻഷാദ്, മണിക്കുട്ടൻ, അരുൺ, നാർക്കോട്ടിക് സെൽ എ.എസ്.ഐ സന്തോഷ്, എബിതോമസ്, ഹരികൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.