കായംകുളം:കളഞ്ഞുകിട്ടിയ ആറ് പവന്റെ സ്വർണ്ണാഭരണങ്ങളും പണവും അടങ്ങിയ ബാഗ് തിരികെ നൽകി തൊഴിലാളി മാതൃകയായി.

കായംകുളം രണ്ടാംകുറ്റി ദേശത്തിനകം കവറാട്ട് കിഴക്കതിൽ ഷാജിയാണ് (39) ഞാറാഴ്ച രാത്രി 9.45 ന് മൂന്നാം കുറ്റി ജംഗ്ഷന് സമീപം വച്ച് കിട്ടിയ സ്വർണ്ണം പണവും ഉടമയെ തിരിച്ചേൽപ്പിച്ചത്. കറ്റാനത്ത് ഫുട്ബാൾ കളി കഴിഞ്ഞ് വരുമ്പോൾ ഷാജി സഞ്ചരിച്ചിരുന്ന വാഹനം നിന്ന് പോയി.

വാഹനം സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനടയിലാണ് മതിലിനോട് ചേർന്ന് ഒരു പഴ്സ് കിടക്കുന്നതായി കണ്ടത്. തുറന്ന് നോക്കിയപ്പോൾ സ്വർണ്ണവും പണവും ആണെന്നറിഞ്ഞു.പുനലൂർ നഹാസ് മൻസിൽ ഷഹാസിന്റെ ഭാര്യയുടേതായിരുന്നു ഇത്. കരുനാഗപ്പള്ളി ആശുപത്രിയിൽ പോയി ചാരുംമൂട്ടിൽ ബന്ധുവീട്ടിലേക്ക് വരുന്ന വഴി മൂന്നാം കുറ്റി ജംഗ്ഷനിൽ ആഹാരംകഴിക്കാൻ കയറിയപ്പോൾ ആണ് ബാഗ് നഷ്ടപ്പെട്ടത്. രാത്രി മുഴുവൻ വീട്ടിൽ സൂക്ഷിച്ച ബാഗ് രാവിലെ ഷാജി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. തുടർന്ന് ബാഗ് ഉടമയെ വിളിച്ചു വരുത്തി കൈമാറി.