തുറവൂർ:തീരദേശ റെയിൽവേ പാതയിൽ അറ്റകുറ്റപ്പണികൾക്കായി അടുത്തടുത്ത 5 ഗേറ്റുകൾ കൂട്ടത്തോടെ അടച്ചിട്ടത് നാട്ടുകാരെ വലയ്ക്കുന്നു. മുൻകൂർ അറിയിപ്പ് നൽകാതെയാണ് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കി റെയിൽവേയുടെ അറ്റകുറ്റപ്പണി ഒച്ചിഴയും വേഗത്തിൽ നടക്കുന്നത്. എഴുപുന്ന പഞ്ചായത്തിലെ എരമല്ലൂർ: എഴുപുന്ന പ്രധാന റോഡിലെ അടക്കo 4 റെയിൽവേ ഗേറ്റുകൾ ഒരുമിച്ച് അടച്ചു പൂട്ടിയാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. തുറവൂർ റെയിൽവേ സ്റ്റേഷന് വടക്ക് തഴുപ്പ് കുന്നത്ത് റെയിൽവേ ഗേറ്റും അടച്ചിട്ട് ദിവസങ്ങൾ പിന്നിടുന്നു. തഴുപ്പ് കുന്നത്ത് ഗേറ്റിന് വടക്കു മാറി. പി.എസ് കവല, കരുമാഞ്ചേരി ,എഴുപുന്ന, ശ്രീനാരായണപുരം എന്നീ ഗേറ്റുകളും അടഞ്ഞുകിടക്കുകയാണ്. ഒരേ സമയം പഞ്ചായത്തിന്റെ പരിധിയിലെയും സമീപത്തെയും 4ഗേറ്റുകളും ഒരുമിച്ച് അറ്റകുറ്റപ്പണി ചെയ്യുന്നത് മൂലം എഴുപുന്നയിൽ യാത്രാക്ലേശം രൂക്ഷമാണ്. പടിഞ്ഞാറൻ മേഖലയിൽ നിന്ന് .ഹൈവേയിലേക്ക് ചെല്ലാനം അടക്കമുള്ള തീരപ്രദേശങ്ങളിലുള്ളവർ ഇത് വഴിയാണ് പോകുന്നത്.4 ദിവസമായി പഞ്ചായത്തിൽ ബസ് സർവീസ് ഇല്ല. നിലവിൽ ശ്രീനാരായണപുരം - കണ്ടേക്കാട്ട് റെയിൽവേ അണ്ടർ പാസ് റോഡ് മാത്രമാണ് പഞ്ചായത്തി'ൽ നിന്ന് പുറത്തേക്ക് പോകാനുള്ള വഴി. ഈ റോഡ് വർഷങ്ങളായി അറ്റകുറ്റപ്പണി ചെയ്യാതെ കിടക്കുകയാണ്. ഗേറ്റുകൾ അടച്ചിട്ടതു മൂലമുണ്ടായ യാത്രാക്ലേശത്തിന് അടിയന്തരപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജെ.എസ്.എസ്.എഴുപുന്ന പഞ്ചായത്ത് സെക്രട്ടറി റെജി റാഫേൽ റെയിൽവേ മന്ത്രിയ്ക്ക് പരാതി നൽകി.