ആലപ്പുഴ: പ്ളസ് ടു വിദ്യാർത്ഥിനിയുടെ ഇടപെടലിൽ നഗരഹൃദയത്തിൽ വൻതീപിടിത്തം ഒഴിവായി. ഇന്നലെ രാവിലെ8.55 ന് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനി ആമിന ഷാജി പിതാവ് ഷാജിയ്ക്ക് ഒപ്പം സ്‌കൂളിലേയ്ക്ക് പോകുമ്പോഴാണ് ജനറൽ ആശുപത്രി ജംഗ്ഷനിലെ എക്‌സൈസ് ഓഫീസ് കോമ്പൗണ്ടിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പ്പെട്ടത്. ഒരു ബൈക്കിലേക്കും കാറിലേക്കും സമീപത്തുള്ള തെങ്ങിലേക്കും തീ ആളിക്കത്തുന്നത് കണ്ട ആമിന രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുള്ളതിനാൽ ആരും അടുത്തേക്ക് പോകരുതെന്ന് പറഞ്ഞശേഷം ആമിന തീയണക്കാൻ ഫയർ എക്സ്റ്റിൻഗ്വിഷർ ആവശ്യപ്പെട്ടെങ്കിലും അത് ലഭ്യമായില്ല. തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഇതിനിടെ ആമിനയും പിതാവ് ഷാജിയും എക്‌സൈസ് ജീവനക്കാരും ചേർന്ന് വെള്ളം ഒഴിച്ച് തീ നിയന്ത്രിച്ചു .
തുടർന്ന് സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനാംഗങ്ങൾ ബൈക്കിലേയ്ക്കും കാറിലേയ്ക്കും തെങ്ങിന് മുകളിലേക്കും പടർന്ന് കയറിയ തീ പൂർണമായും കെടുത്തി. തീപിടിത്തമുണ്ടായ തെങ്ങിന് എതിർവശത്ത് രണ്ട് പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
ആമിനയ്ക്ക് ധൈര്യമേകിയത്
സ്കൂളിലെ ബോധവത്കരണം
ഇത്തരത്തിൽ പ്സമയോചിതമായി പ്രവർത്തിക്കാനുള്ള ധൈര്യവും അറിവും ആമിനയ്ക്ക് ലഭിച്ചത് കഴിഞ്ഞ ദിവസം സ്‌കൂളിൽ നടന്ന ഫയർആൻഡ് റെസ്‌ക്യു ബോധവത്കരണ ക്ലാസിൽ നിന്നാണ്. ഹയർ സെക്കൻഡറി സ്‌കൂൾ കുട്ടികൾക്ക് 7 മണിക്കൂർ ദൈർഘ്യമുള്ള ഫയർ ആൻഡ് റെസ്‌ക്യു അവെയർനസ് ക്ലാസ് നൽകി അവരെ സ്വയം രക്ഷാപ്രവർത്തകരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അഗ്നി രക്ഷാ സേന കേരളത്തിലുടനീളം നൽകി വരുന്ന പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട ക്ലാസാണ് ആമിനയ്ക്ക് ലഭിച്ചത്. ഈ ക്ലാസിൽ വിവിധ തരം എസ്റ്റിൻഗ്വിഷറുകൾ പ്രവർത്തിപ്പിക്കേണ്ട വിധം, വിവിധ തരം തീപിടുത്തങ്ങൾ, അവ എങ്ങനെയെല്ലാം അണയ്ക്കാം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ക്ലാസ് നൽകിയിരുന്നു. ആലപ്പുഴ ഇരവുകാട് കോയാപറമ്പിൽ ഷാജിയുടെയും സാജിതയുടെയും മകളാണ് ആമിന.ആമിനയുടെ അനുജത്തി അസ്‌നയും ഇതേ സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ്. സീനിയർ ഫയർആൻഡ് റെസ്‌ക്യു ഓഫീസർ ആർ. ജയസിംഹൻ,ഇസ്മയിൽ ഖാൻ എന്നിവരുടെ നേതൃത്വത്തിൽ സി.സനൽ,ടി.കെ.ജോഷിദാസ്,എൻ.കെ.അർജുൻ,വി.ഡി.ഇല്ലാസ്,വി.വിനീഷ് കുമാർ, എ.ഡി.പ്രിയദർശൻ,പി.ആർ.സുനിമോൻ എന്നിവരടങ്ങിയ ക്രൂവാണ് തീ അണച്ചത്.