nitheesh

 നാടക കലാകാരൻ, മരപ്പണിക്കാരൻ, എ.സി മെക്കാനിക്ക്...

ആലപ്പുഴ: ജൻമസിദ്ധമായതും ആർജിച്ചെടുത്തതുമായ കഴിവുകൾ വഴികാട്ടുമ്പോൾ നിതീഷ് ബാബു നാടകത്തിലെ കലാ സംവിധായകനാവും. സീസൺ കഴിയുമ്പോൾ മരപ്പണിക്കാരനും എ.സി മെക്കാനിക്കും!

കൊറ്റംകുളങ്ങര ബാബു വിലാസത്തിൽ നിതീഷ് ബാബുവിന് (27) വിലാസങ്ങൾ പലതാണ്. ഉത്സവസീസണായാൽ നാടക കലാസംവിധാനം, ഗരുഡൻ പയറ്റ് കലാകാരൻ. സീസൺ കഴിഞ്ഞാൽ മരപ്പണിക്കാരന്റെ കുപ്പായം അണിയും. പണി കുറഞ്ഞാൽ എ.സി മെക്കാനിക്ക്. പഠിച്ചെടുത്ത തൊഴിൽ എ.സി മെക്കാനിക് മാത്രം. പിന്നെയെല്ലാം ജന്മസിദ്ധമായ കഴിവാണ്.

വിശ്വകർമ്മ വിഭാഗത്തിൽ നിന്നായതു കൊണ്ട് കുലത്തൊഴിൽ ആരും പഠിപ്പിക്കേണ്ടി വന്നില്ലെന്നാണ് നിതീഷ് പറയുന്നത്. കേരളത്തിലെ പ്രൊഫഷണൽ നാടകസമിതികൾക്ക് രണ്ട് വർഷമായി നിതീഷ് സുപരിചിതനാണ്. കൊച്ചിൻ സംഗമിത്ര, കൊല്ലം അയനം, കൊല്ലം യവനിക, ചേർത്തല ജൂബിലി എന്നീ നാടക സമിതികളുടെ ഇത്തവണത്തെ കലാസംവിധാനം നിർവഹിച്ചത് നിതീഷാണ്. വർഷം ആറ് മാസം കർട്ടന്റെ പിന്നിലാണെങ്കിലും നിതീഷ് ബാബുവിനെ തേടിയെത്തുന്ന മറ്റ് ജോലികൾ വൈകാറില്ല. അടുത്ത വർഷത്തെ നാടകത്തിന്റെ കലാസംവിധാനത്തിന് ഇപ്പോഴേ പല സമിതികളും സമീപിച്ച സന്തോഷത്തിലാണ് നിതീഷ്.

തികച്ചും അപ്രതീക്ഷിതമായാണ് നാടക രംഗത്തേക്ക് നിതീഷ് എത്തിച്ചേർന്നത്. സ്കൂൾ പഠനകാലത്ത് പ്രവൃത്തി പരിചയ മേളയിൽ സമ്മാനങ്ങൾ വാരിക്കൂട്ടി. ശേഷം എ.സി മെക്കാനിക്ക് ഡിപ്ലോമയെടുത്ത് ഇൗ തൊഴിലുമായി മുന്നോട്ട് പോകുകയായിരുന്നു. അതിനിടെയാണ് ഗരുഡൻ പയറ്റിനുള്ള കിരീടം നിർമ്മിക്കാൻ ആളെ കിട്ടാതെ വന്നത്. ഇതൊരു തുടക്കമാവുകയായിരുന്നു. മകൻ എല്ലാ മേഖലയിലും കഴിവ് തെളിയിക്കുമ്പോൾ ഏറെ അഭിമാനം കൊള്ളുകയാണ് അച്ഛൻ ബാബുവും അമ്മ സുജാതയും.