s
നജ്മൽ

ആലപ്പുഴ: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയുടെ മാറിടം കടിച്ചുമുറിക്കുകയും സ്വർണം മോഷ്ടിക്കുകയും ചെയ്‌ത പ്രതിക്ക് പത്ത് വർഷം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് 11-ാം വാർഡിൽ പുന്നപ്ര പണിക്കൻവേലി വീട്ടിൽ നജ്മലിനെയാണ് (35) ആലപ്പുഴ അഡിഷണൽ സെഷൻസ് കോടതി-3 ജഡ്‌ജി പി.എൻ. സീത ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷംകൂടി തടവ്ശിക്ഷ അനുഭവിക്കണം.

2011 ജനുവരി നാലിന് രാത്രി ഏഴരയ്‌ക്കായിരുന്നു സംഭവം. ആലപ്പുഴ സ്വദേശിയായ യുവതി വീട്ടിൽ കുളിക്കുന്നതിനിടെ നജ്മൽ കുളിമുറിയുടെ വാതിലിൽ തട്ടിവിളിച്ചു. വാതിൽ തുറന്നപ്പോൾ യുവതിയുടെ വായും മൂക്കും പൊത്തി പുറത്തേക്ക് വലിച്ചിട്ടു. രക്ഷപ്പെടാൻ ശ്രമിച്ച യുവതിയുടെ പുറത്തും മാറിടത്തിലും കടിച്ചു. പ്രാണരക്ഷാർത്ഥം ഇവർ നജ്മലിന്റെ മുഖത്ത് വിരൽ കൊണ്ട് മാന്തി. മുറിവേറ്റ പ്രതി യുവതിയെ നിലത്ത് തള്ളിയിട്ടു. തുടർന്ന് ഇയാൾ യുവതിയെ ഭിത്തിയിലിടിപ്പിച്ചു. അബോധാവസ്ഥയിലായ യുവതിയെ നഗ്നയായി കുളിമുറിയിൽ ഉപേക്ഷിച്ച ശേഷം ഇവർ അണിഞ്ഞിരുന്ന സ്വർണം മോഷ്ടിക്കുകയായിരുന്നു.

ഇടുക്കി ഡിവൈ.എസ്.പിയും സംഭവസമയത്ത് ആലപ്പുഴ സൗത്ത് സി.ഐയുമായിരുന്ന എം.കെ. രാജേഷുമാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ പി.പി. ഗീത, അഡ്വ. പി.പി. ബൈജു, അഡ്വ. സുരണ്യ കിഷോർ എന്നിവർ ഹാജരായി. കഴിഞ്ഞ വർഷം ആലപ്പുഴ തിരുവമ്പാടിയിലെ വീട്ടിൽ മേരി ജാക്വലിനെ കൊന്ന ശേഷം പണവും സ്വർണവും കവർന്ന കേസിലും നജ്മൽ ഒന്നാം പ്രതിയാണ്.