ആലപ്പുഴ: രണ്ടു വർഷത്തിൽ കൂടുതലായുള്ള വൈദ്യുതി ചാർജ് കുടിശിക അടച്ചു തീർക്കുന്നതിന് കെ.എസ്.ഇ.ബി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. റവന്യൂ റിക്കവറി നേരിടുന്ന ഉപഭോക്താക്കൾക്കും വിവിധ കോടതികളിൽ വ്യവഹാരം നിലനിൽക്കുന്ന ഉപഭോക്താക്കൾക്കും പദ്ധതി ഉപയോഗിക്കാംപ്രയോജനപ്പെടുത്താം. ലോ ടെൻഷൻ ഉപഭോക്താക്കളുടെ അപേക്ഷ ബന്ധപ്പെട്ട സെക്ഷൻ ഓഫീസുകളിലും എച്ച്.ടി, ഇ.എച്ച്.ടി ഉപഭോക്താക്കളുടെ അപേക്ഷ തിരുവനന്തപുരം വൈദ്യുതി ഭവനിലെ സ്‌പെഷ്യൽ ഓഫീസർക്കും (റവന്യൂ) സമർപ്പിക്കണം. ഫെബ്രുവരി 1 വരെ അപേക്ഷ സ്വീകരിക്കും.
അഞ്ചു വർഷത്തിൽ താഴെയുള്ള കുടിശികകൾക്ക് 18 ശതമാനം പലിശ നിരക്കിന് പകരം 8.31 ശതമാനവും അഞ്ചു വർഷത്തിലധികം പഴക്കമുള്ള കുടിശികക്ക് ആറ് ശതമാനം പലിശയും നൽകണം. ആറു മാസത്തെ തുല്യ ഗഡുക്കളായി പലിശ അടക്കാം. കറന്റ് ചാർജ് കുടിശിക തുക മുഴുവനും ആദ്യഗഡു പലിശയോടൊപ്പം നൽകണം. കുടിശികയായ കറന്റ് ചാർജ്ജും കുറവ് വരുത്തിയ പലിശയും കൂടി ഒറ്റതവണ ആയി അടക്കുന്നവർക്ക് പലിശയിൻമേൽ രണ്ട് ശതമാനം ഇളവ് കൂടി ലഭിക്കും.
സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് അർഹരായ ഉപഭോക്താക്കൾ എന്നിവർക്ക് കെ.എസ്.ഇ.ബി അധികാരികളുടെ അനുമതിയോടെ ആറു മുതൽ 18 വരെ പ്രതിമാസ ഗഡുക്കളായി പണം അടക്കാം.