ആലപ്പുഴ: ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ ജില്ലാതല കുടുംബസംഗമവും അദാലത്തും സംഘടിപ്പിക്കാൻ ജില്ല ഒരുങ്ങുമ്പോൾ അഭിമാനകരമായ നേട്ടവുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ പറഞ്ഞു. ലൈഫ് ഉപഭോക്താക്കളുടെ ജില്ലാസംഗമം സംഘടിപ്പിക്കുന്നതിന് മുന്നോടിയായി ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 26നാണ് സംസ്ഥാനതല പ്രഖ്യാപനം.
ലൈഫ് മിഷന്റെ രണ്ടും മൂന്നും ഘട്ട പ്രവർത്തനങ്ങളാണ് ജില്ലയിൽ ഇപ്പോൾ നടക്കുന്നത്. ആദ്യ ഘട്ടത്തിൽ വിവിധ കാരണങ്ങളാൽ പൂർത്തിയാകാതെ കിടന്ന 2800 വീടുകളാണ് പൂർത്തിയാക്കേണ്ടിയിരുന്നത്. 2703 വീടുകളും പൂർത്തീകരിച്ചു. ലൈഫ് ഉപഭോക്താക്കളുടെ ബ്ലോക്ക് തല സംഗമം ജനുവരി 15 നുള്ളിൽ പൂർത്തിയാകും. പിന്നാലെ ജില്ലാതല സംഗമം ആലപ്പുഴയിൽ സംഘടിപ്പിക്കും. യോഗത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, ജില്ല പഞ്ചായത്ത് സെക്രട്ടറി ദേവദാസ്, ഡെപ്യൂട്ടി കളക്ടർ സന്തോഷ്‌കുമാർ, ലൈഫ് മിഷൻ ജില്ല കോ-ഓർഡിനേറ്റർ പി.പി.ഉദയസിംഹൻ, ബെന്നി, ശ്രീകുമാർ എന്നിവർ പങ്കെടുത്തു.