ഏതൊരു രാജ്യത്തിലാണോ അതിവേഗ വളർച്ചയും വികസനവുമുള്ളത് അവിടെ ദാരിദ്ര്യം കുറയുന്നതായി ക്ലാസിക്കൽ ഇക്കണോമിസ്റ്റുകൾ വാദിക്കുന്നു. വലിയ തോതിലുള്ള വളർച്ചയാണ് ദാരിദ്ര്യനിർമ്മാർജനത്തിനുള്ള ഉൾപ്രേരകമെന്നും അവർ അഭിപ്രായപ്പെടുന്നു. അതേസമയം അതിവിദഗ്ദ്ധമായി പ്രവർത്തിച്ചും പരീക്ഷണം നടത്തിയും ജനങ്ങളുടെ സാമ്പത്തിക താത്പര്യങ്ങൾ കണ്ടെത്തി സർക്കാരിന് സാമ്പത്തിക തിരഞ്ഞെടുപ്പുകൾ നടത്താനാവുമെന്നുമാണ് ഡെവലപ്പ്മെന്റൽ ഇക്കണോമിസ്റ്റുകൾ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വീണ്ടും വിജയകരമായി തിരഞ്ഞെടുക്കപ്പെട്ടശേഷം ഗവൺമെന്റ് ഇത് രണ്ടും ചെയ്തു. 2024 -25 ഓടെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്ഘടനയെന്ന വീക്ഷണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു. സാമൂഹികപരിപാടികളിലൂടെ ജനങ്ങളുടെ സാമ്പത്തികാഭിലാഷത്തിന് രൂപം നൽകാനുള്ള നടപടികളും സ്വീകരിച്ചു. സാമ്പത്തിക വിഷയങ്ങളിൽ അതിവേഗ പരിഹാരത്തിനും പ്രധാന അഴിച്ചുപണികൾക്കുമായി 100 ലക്ഷം കോടിയിലേറെ രൂപയുടെ അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് അന്തിമരൂപം നൽകാൻ മന്ത്രിതല ദൗത്യസംഘം രൂപീകരിച്ചു.
സ്വാതന്ത്ര്യത്തിനു ശേഷം ഒരു ഗവൺമെന്റ് കൈവരിച്ച ഏറ്റവും വലിയ നേട്ടമാണ് ഭരണഘടനയുടെ അനുച്ഛേദം 370 പ്രകാരം ജമ്മു-കാശ്മീരിന് നൽകിയിരുന്ന വിശേഷാധികാരങ്ങളും ഭരണഘടനയുടെ 35 ( എ ) അദ്ധ്യായവും റദ്ദാക്കിയത്. അതുകൊണ്ടുതന്നെ ഗവൺമെന്റിനോട് വരുംതലമുറകൾ നന്ദിയുള്ളവരായിക്കും.
റിയൽ എസ്റ്റേറ്റ് മേഖലയിൽ 28 ലക്ഷം ഭവനങ്ങൾ കൈമാറിക്കഴിഞ്ഞു, 56 ലക്ഷം വീടുകൾ നിർമ്മാണത്തിലുമാണ്. സമ്പദ്ഘടനയുടെ പ്രധാനപ്പെട്ട ചാലകശക്തിയായ റെയിൽവേക്ക് 2030 ഓടെ 50 ലക്ഷം കോടിയുടെ നിക്ഷേപം ലഭിക്കും.
ആയുഷ്മാൻ ഭാരത് പദ്ധതിയുടെ കീഴിൽ 64,26,238 ഗുണഭോക്താക്കളെ രാജ്യത്തെ എംപാനൽ ചെയ്തിട്ടുള്ള 20,757 ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ദുർബലരും വിവാഹിതകളുമായ മുസ്ലിം സ്ത്രീകളെ സംരക്ഷിക്കാൻ മുത്തലാഖ് നിരോധിച്ചു. മൂന്നുവർഷം ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കികൊണ്ടാണ് നടപ്പാക്കിയത്. സ്ത്രീകൾക്കുണ്ടായിരുന്ന കൂലി അസമത്വത്തെ 2019 ലെ കോഡ് ഓൺ വേജസിലൂടെ പരിഹരിച്ചു. ഊർജ്ജത്തെ പൂർണകാര്യക്ഷമതയോടെ ഉൾക്കൊള്ളലും മലിനീകരണം കുറയ്ക്കലുമാണ് ഭാവിയെന്ന് മനസിലാക്കി ഇന്ത്യയുടെ മൊത്തം പുനരുപയോഗ ഊർജ്ജത്തിന്റെ ശേഷി 2019 ജൂൺ 30 ആയതോടെ 80,000 മെഗാവാട്ട് കടന്നു. കടുവകളുടെ ഏറ്റവും സുരക്ഷിതമായ ആവാസസ്ഥാനമായി ഇന്ത്യ മാറിയത് ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾക്കും ദീർഘവീക്ഷണത്തിനുമുള്ള സാക്ഷിപത്രമാണ്.
25 കോടി വരെ വാർഷിക വിറ്റുവരവുള്ള സ്റ്റാർട്ടപ്പുകൾക്ക് മൂന്ന് വർഷത്തെ നികുതിയൊഴിവ് വാഗ്ദാനം ചെയ്തു. എയ്ഞ്ചൽ ടാക്സ് പിൻവലിച്ചത് സ്റ്റാർട്ടപ്പുകളിൽ വൻ നിക്ഷേപ വർദ്ധനയുണ്ടാക്കും. സ്റ്റാർട്ടപ്പുകളുടെ പരിധി വർദ്ധിപ്പിച്ചു ;
വൻധൻ യോജന ഗവൺമെന്റ് ആരംഭിച്ചതിലൂടെ 1.92 ലക്ഷം ഗോത്രവർഗ സംരംഭകരെ ദേശീയ വിപണിയുമായി ബന്ധിപ്പിക്കും. 28,211 സൂക്ഷ്മസംരംഭങ്ങളും ആരംഭിച്ചതിലൂടെ ഏകദേശം 2,25,288 പേർക്ക് തൊഴിൽ ലഭിക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സംഭരണത്തിൽ 25ശതമാനം സൂക്ഷ്മ - ചെറുകിട ഇടത്തരം സംരംഭങ്ങളിൽ നിന്നാകണമെന്നത് നിർബന്ധമാക്കി. അതിലൂടെ 16,746 കോടി രൂപയുടെ ചരക്കുകളും സേവനങ്ങളും എം.എസ്.ഇകളിൽ നിന്നും സംഭരിച്ചിട്ടുണ്ട്.
ഈ ഗവൺമെന്റിന്റെ അജണ്ടയുടെ കേന്ദ്രം കർഷകരാണ്. അതുകൊണ്ടുതന്നെ ഏകദേശം 34,873 കോടി രൂപ ഏകദേശം 7.33 കോടി കർഷകർക്കായി പി.എം-കിസാൻ യോജനയുടെ ഭാഗമായി ഇന്നുവരെ കൈമാറി. 60 വയസ് പൂർത്തിയാകുമ്പോൾ കർഷകർക്കും വ്യാപാരികൾക്കും പ്രതിമാസം കുറഞ്ഞത് 3000 രൂപയുടെ പെൻഷൻ ഉറപ്പാക്കി. ക്ഷേമപ്രവർത്തനങ്ങളും റാബിക്കും ഖാരിഫിനും ഉത്പാദനച്ചെലവിന്റെ ഒന്നരയിരട്ടി താങ്ങുവിലയും കൂടി കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുകയും രാജ്യത്തിന്റെ കാർഷിക-സമ്പദ്ഘടനയുടെ പരിസ്ഥിതി ശക്തിപ്പെടുത്തുകയും ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷമാകുമ്പോൾ രാജ്യത്ത് ഒരു കുടുംബംപോലും വൈദ്യുതിയോ പാചകവാതകമോ ഇല്ലാത്തവരായി ഉണ്ടാവില്ല. ഉജ്ജ്വൽയോജന ലക്ഷ്യത്തിന്റെ ഏഴുമാസം മുമ്പുതന്നെ എട്ടുലക്ഷം കോടിയുടെ പാചകവാതക കണക്ഷൻ എന്ന ലക്ഷ്യം കൈവരിച്ചു.
ജലജീവൻ മിഷനിലൂടെ സംരക്ഷണം, പുനരുപയോഗം ചെയ്യാവുന്ന മലിനജലത്തിന്റെ പുനരുപയോഗം തുടങ്ങിയ സംയോജിത ജലവിതരണ സംവിധാനത്തിലൂടെ 2024 ഓടെ എല്ലാ വീടുകളിലൂം കുടിവെള്ളമെത്തിക്കും. ജലശക്തി അഭിയാനിലൂടെ 3.56 ലക്ഷം ജലസംരക്ഷണ നടപടികളും 1.25 നീർമറി വികസന പദ്ധതികളും 1.5 ഏക്കർ മഴവെള്ളക്കൊയ്ത്ത് നടപടികളും ഗവൺമെന്റിന്റെ ലക്ഷ്യങ്ങൾ വ്യക്തമാക്കുന്നതാണ്. സ്വച്ഛ് ഭാരത് അഭിയാന്റെ വൻവിജയത്തിന് ശേഷം ജൽ ജീവൻ മിഷനാണ് ഗവൺമെന്റിന്റെ അടുത്ത പ്രധാനപ്പെട്ട നേട്ടം.
17 റാഫേലുകൾ, എട്ട് അപ്പാച്ചേകൾ, ഐ.എൻ.എസ് ഖാന്തേരി അന്തർവാഹിനി, ഫ്രിജേറ്റ് നിൽഗിരി എന്നിവ കൂട്ടിചേർത്തതിലൂടെ സേനകളുടെ ആയുധശേഖരത്തിൽ വൻ വർദ്ധനയുണ്ടായി. 2019ലെ യു.എ.പി.എ നിയമം 2019ലെ എൻ.ഐ.എ നിയമം എന്നിവയിലൂടെ ആഭ്യന്തരസുരക്ഷ ശക്തിപ്പെടുത്തി.
പ്രധാനമന്ത്രി മാമ്മല്ലപുരം ബീച്ചിൽ നിന്നും മാലിന്യങ്ങൾ നീക്കുന്ന വീഡിയോ ഓരോ ഇന്ത്യക്കാരനെയും ചുറ്റുപാടുകളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാക്കുന്നു. അദ്ദേഹത്തിന് ലഭിച്ച ഗ്ലോബൽ ഗോൾ കീപ്പർ പുരസ്കാരം സുസ്ഥിര വികസന ലക്ഷ്യങ്ങളിലുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ഉറപ്പിക്കുന്നു. 'ഹൗഡിമോഡി"രണ്ടു വലിയ ജനാധിപത്യങ്ങളിലെ നേതാക്കളെ സൗഹൃദത്തിലും സാഹോദര്യത്തിലും ഒരുമിപ്പിച്ച കാഴ്ചയായിരുന്നു. മാമ്മല്ലപുരത്തു നടന്ന രണ്ടാമത് ഇന്ത്യ-ചൈന അനൗചാരിക കൂടിക്കാഴ്ചകൾ ഇന്ത്യാ-ചൈന ബന്ധങ്ങളിൽ പുതിയ സഹകരണത്തിന്റെ പുലരി കൊണ്ടുവന്നു.
അഞ്ച് ട്രില്യൺ ഡോളർ സമ്പദ്ഘടനയിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. ഉദ്ദേശിച്ച സമയത്തിന് മുമ്പുതന്നെ ഇന്ത്യ ഈ നാഴികകല്ല് താണ്ടുമെന്നതിൽ സംശയം വേണ്ട.