jan

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും എ.ഐ.സി.സി മുൻ ജനറൽസെക്രട്ടറിയുമായ ജനാർദ്ദൻ ദ്വിവേദി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനൊപ്പം വേദി പങ്കിട്ടു. ഡൽഹി റെഡ്ഫോർട്ടിൽ ഭഗവത് ഗീതയെ ആധാരമാക്കിയുള്ള ഗീതമഹോത്സവവേദിയിലാണ് ദ്വിവേദി എത്തിയത്. രാമക്ഷേത്രത്തിനായി വാദിക്കുന്ന സാധ്വി ഋതംബരയും കേന്ദ്രമന്ത്രി സ്മൃതി ഇറാനി, വിവിധ മതമേലദ്ധ്യക്ഷൻമാർ തുടങ്ങിയവരും ചടങ്ങിനെത്തി.

ഭഗവത് ഗീത ഒരു ജീവതചര്യയാണെന്നും മതമല്ലെന്നും വേദി പങ്കിട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ദ്വിവേദി മാദ്ധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാത്തത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. വേദി പങ്കിടുകയെന്നാൽ ആശയം പങ്കിടുകയെന്ന അർത്ഥമില്ലെന്ന് കോൺഗ്രസ് വിശദീകരിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് എ.ഐ.സി.സി ജനറൽസെക്രട്ടറി സ്ഥാനം രാജിവച്ച ദ്വിവേദി ഇപ്പോൾ കോൺഗ്രസ് പരിപാടികളിൽ സജീവമല്ല. മുൻ രാജ്യസഭാംഗം കൂടിയായ ദ്വിവേദി ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ദ്വിവേദി കോൺഗ്രസ് വിടാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ സജീവമായിരിക്കെയാണ് ആർ.എസ്.എസ് അദ്ധ്യക്ഷനുമായി വേദി പങ്കിട്ടത്.