lokpal

ന്യൂഡൽഹി: രാജ്യത്തെ സമുന്നത അഴിമതിവിരുദ്ധ സംവിധാനമായ ലോക്‌പാലിന് സ്വന്തം ഓഫീസ് ഇല്ലാത്തതിനാൽ പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രതിമാസം വാടകയിനത്തിൽ നൽകേണ്ടിവരുന്നത് 50 ലക്ഷത്തോളം രൂപ. കഴിഞ്ഞ മാർച്ചിൽ നിലവിൽ വന്ന ആദ്യ ലോക്പാൽ ഇതുവരെ ഒരു കേസിൽപ്പോലും അന്വേഷണം നടത്തിയിട്ടില്ലെങ്കിലും വാടകയിനത്തിൽ ചോർന്നത് 3.85 കോടി രൂപ. വിവരാവകാശ നിയമപ്രകാരം ലോക്പാൽ സെക്രട്ടറിയേറ്റ് നൽകിയ മറുപടിയിലാണ് ഒക്ടോബർ 31 വരെയുള്ള ഈ കണക്ക്.

പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർക്കെതിരായ അഴിമതി പരാതികൾ അന്വേഷിക്കാൻ അധികാരമുള്ള ലോക്പാലിന് ഡൽഹിയിൽ കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഹോട്ടൽ അശോകയിലാണ് 12 മുറികളിലായി താത്കാലിക ഓഫീസ്. ആയിരം പരാതികൾ കൈവശമുള്ളപ്പോഴാണ് ഒന്നിലും പ്രാഥമികാന്വേഷണം പോലും നടത്താതെ ലോക്‌പാലിന്റെ ധൂർത്ത്.

- ആദ്യ ലോക്പാൽ നിയമിക്കപ്പെട്ടത് - 2019 മാർച്ച് 19

- ഇതുവരെ ലഭിച്ച പരാതികൾ-1,160

- ലോക്പാൽ ബെഞ്ച് കേട്ട പരാതികൾ -1000

- പ്രാഥമികാന്വേഷണം - പൂജ്യം കേസുകൾ

ചെയർപേഴ്സൺ

ജസ്റ്റിസ് പി.സി ഘോഷ് (സുപ്രീംകോടതി മുൻ ജസ്റ്റിസ്)

നാല് ജുഡിഷ്യൽ അംഗങ്ങൾ

1- ജസ്റ്റിസ് ദിലീപ് ബി ബോസ്‌ലെ (അലഹബാദ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ്)

2- ജസ്റ്റിസ് പ്രദീപ് കുമാർ മൊഹന്ദി (ജാർഖണ്ഡ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ്)

3- ജസ്റ്റിസ് അഭിലാഷ കുമാരി (മണിപ്പുർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ്)

4- ജസ്റ്റിസ് അജയ് കുമാർ ത്രിപാഠി (ചത്തീസ്ഗഡ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് )

നോൺ - ജുഡിഷ്യൽ അംഗങ്ങൾ

1- ദിനേഷ് കുമാർ ജെയിൻ (മഹാരാഷ്ട്ര മുൻ ചീഫ് സെക്രട്ടറി)

2- അർച്ചന രാമസുന്ദരം (സശസ്ത്ര സീമാ ബൽ മുൻ ഡയറക്ടർ ജനറൽ)

3- മഹേന്ദർ സിംഗ് (സി.ബി.ഐ.ടി.സി മുൻ അംഗം)

4- ഡോ.ഇന്ദർജിത്ത് പ്രസാദ് ഗൗതം (ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷൻ മുൻ എം.ഡി)