online

ആർ.എൻ.ഐ നിയമത്തിൽ ഭേദഗതി

ന്യൂഡൽഹി: ഓൺലൈൻ ന്യൂസ് പോർട്ടലുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നത് അടക്കമുള്ള മാറ്റങ്ങളുമായി 1867 പ്രസ് ആൻഡ്

രജിസ്ട്രേഷൻ ഒഫ് ബുക്ക്‌സ് നിയമ ഭേദഗതിയുടെ കരട് കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ചു. ബന്ധപ്പെട്ട വിഭാഗങ്ങളിലുള്ളവർക്ക് ഡിസംബർ 25 വരെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ അവസരം നൽകും. പത്ര, മാസികാ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിലവിലെ ചട്ടങ്ങളിൽ നിരവധി മാറ്റങ്ങൾ വരുത്തുന്ന വ്യവസ്ഥകളാണ് ഭേദഗതിയിലുള്ളത്. പത്രങ്ങൾക്കും ആനുകാലികങ്ങൾക്കും രജിസ്ട്രേഷൻ ലഭിക്കാൻ ജില്ലാ മജിസ്ട്രേട്ട് വഴി അപേക്ഷ നൽകുന്ന രീതി ഭേദഗതിയിൽ ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്നത് അടക്കമുള്ള എല്ലാ നടപടികളും ഡൽഹിയിലെ പ്രസ് രജിസ്ട്രാർ ജനറലിന്റെ കീഴിലാക്കും.

പ്രസ് രജിസ്ട്രാർക്ക് വാർഷിക സ്‌റ്റേറ്റ്മെന്റ് സമർപ്പിക്കാത്ത പത്ര സ്ഥാപനങ്ങൾ പതിനായിരം രൂപ പിഴ നൽകണമെന്ന വ്യവസ്ഥയും ഭേദഗതിയിലുണ്ട്. നിലവിൽ പിഴ 500 രൂപയാണ്. പിഴ അടച്ചില്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദു ചെയ്യാനും രജിസ്ട്രാർക്ക് നിയമം അധികാരം നൽകുന്നു.

രജിസ്ട്രേഷൻ സംബന്ധമായും പിഴ അടക്കമുള്ള വിഷയങ്ങളിലും പത്രമാദ്ധ്യമ സ്ഥാപനങ്ങൾക്ക് പരാതി നൽകാൻ പ്രസ് കൗൺസിൽ ചെയർമാൻ അദ്ധ്യക്ഷനായ അപ്പലേറ്റ് ബോർഡ് രൂപീകരിക്കാനുള്ള വ്യവസ്ഥയാണ് മറ്റൊന്ന്.

ഓൺലൈൻ ന്യൂസ് പോർട്ടലുകൾക്കും ആർ.എൻ.ഐ രജിസ്ട്രേഷൻ നിർബന്ധമാക്കും. ഇ-പേപ്പർ രജിസ്ട്രേഷനുള്ള സംവിധാനങ്ങൾ ലളിതവത്‌കരിക്കും. പത്രമാദ്ധ്യമങ്ങൾക്ക് പരസ്യം, അക്രഡിറ്റേഷൻ, മറ്റ് സേവനങ്ങൾ എന്നിവ നൽകുന്നത് സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചട്ടങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരണമെന്നും കരടിൽ പറയുന്നു.