ന്യൂഡൽഹി: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഐ.ഐ.ടികളിൽ 50 വിദ്യാർത്ഥികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായും, ഇതിൽ ഏഴു പേർ മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥികളാണെന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ നിഷാന്ത് ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രനെ അറിയിച്ചു. കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ഐ.ഐ.ടി, ഐ.ഐ.എമ്മുകളിലെ വിദ്യാർത്ഥികളുടെ ദൂരൂഹമരണങ്ങൾ സംബന്ധിച്ച ചോദ്യത്തിനു മറുപടിയായാണ് മന്ത്രിയുടെ മറുപടി.
ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥി ഫാത്തിമാ ലത്തീഫിന്റെ മരണത്തിൽ അന്വേഷണം വേണമെന്ന എം.പിമാരുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടരന്വേഷണം തമിഴ്‌നാട് ക്രൈംബ്രാഞ്ചിന് കൈമാറി. ഐ.ഐ.ടി അധികാരികൾ അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നതായും മന്ത്രി പറഞ്ഞു. ഐ.ഐ.എം ലെ പത്തു വിദ്യാർത്ഥികളാണ് ഇതേ കാലയളവിൽ മരണമടഞ്ഞതെന്നും മന്ത്രി അറിയിച്ചു.