
ന്യൂഡൽഹി: എട്ടു വർഷം മുൻപ് തറക്കല്ലിട്ട് വടക്കേമലബാർ കാത്തിരിക്കുന്ന കണ്ണൂർ അഴീക്കൽ ഇരിണാവിലെ കോസ്റ്റ്ഗാർഡ് അക്കാഡമി പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു.
കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടാത്തതിനെ തുടർന്നാണ് തീരുമാനമെന്ന് പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്ക് രാജ്യസഭയിൽ എളമരം കരീം എം.പിയുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകി. 2011 ൽ പ്രാരംഭ പ്രവർത്തനം തുടങ്ങുകയും ഇതുവരെ 65.56 കോടി രൂപ ചെലവഴിക്കുകയും ചെയ്ത പദ്ധതി മംഗലാപുരത്തേക്കു മാറ്റാൻ നീക്കമുണ്ടെന്ന ആരോപണം നിലനിൽക്കെയാണ് വിവാദ തീരുമാനം.
തീരദേശ പരിപാലന നിയന്ത്രണ നിയമപ്രകാരം സി.ആർ.ഇസെഡ് 1 (എ) യിൽ വരുന്ന മേഖലയാണ് ആഴീക്കലിലെ നിർദ്ദിഷ്ട പദ്ധതി പ്രദേശം. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്കുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മംഗലാപുരത്തേക്ക്?
2017 ൽ മംഗലാപുരത്തെ ബൈക്കംപാടിയിൽ കോസ്റ്റ്ഗാർഡ് അക്കാഡമിക്കായി 160 ഏക്കർ ഭൂമി കർണാടക സർക്കാർ അനുവദിച്ചിരുന്നു. അന്ന് പ്രതിരോധമന്ത്രിയായിരുന്ന നിർമ്മല സീതാരാമനും ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡറക്ടർ ജനറൽ രാജേന്ദ്ര സിംഗും സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് കോസ്റ്റ് ഗാർഡ് അക്കാഡമി മാറ്റാനുളള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി.
കണ്ടൽക്കാട് ഒഴികെയുള്ള പ്രദേശത്ത് നിർമ്മാണ പ്രവർത്തനത്തിന് 2015ൽ കേരള തീരദേശപരിപാലന അതോറിട്ടി അനുമതി നൽകിയത് കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും പദ്ധതിക്ക് പാരിസ്ഥിതികാനുമതി നൽകാൻ കേന്ദ്രം തയ്യാറായില്ല.
വന്ന വഴി, പോയ വഴി
2008: മുംബയ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കോസ്റ്റ്ഗാർഡിന്റെ ശേഷി വർദ്ധിപ്പിക്കാൻ യു.പി.എ സർക്കാർ തീരുമാനം
2009: പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം
2011: അക്കാഡമിക്കായി വളപ്പട്ടണം അഴീക്കലിനടുത്ത് ഇരിണാവിൽ 164 ഏക്കർ സ്ഥലം കേന്ദ്രത്തിനു കൈമാറി. കണ്ടൽക്കാടും ചതുപ്പും ഉൾപ്പെട്ടതാണ് പ്രദേശം
ഏഴിമല നാവിക അക്കാഡമിയിൽ നിന്ന് 13 കി.മീ. അഴീക്കൽ തുറമുഖത്തിനു സമീപം
2011: മേയ് 28ന് അന്നത്തെ പ്രതിരോധമന്ത്രി എ.കെ ആന്റണി പദ്ധതിക്ക് തറക്കല്ലിട്ടു
നിർമ്മാണ ചുമതല ഏഴിമല നാവിക അക്കാഡമിയിലെ മിലിട്ടറി എൻജിനിയറിങ് സർവീസിന്. പ്രൊജക്ട് ഓഫീസ് തുറന്ന് പ്രാരംഭ പ്രവർത്തനം
മതിൽ, ജലവിതരണം, വൈദ്യുതി തുടങ്ങി പശ്ചാത്തല സൗകര്യമൊരുക്കാൻ കോസ്റ്റ്ഗാർഡ് ഇതുവരെ ചെലവഴിച്ചത് 65.56 കോടി
കേന്ദ്രതീരുമാനം കേരളത്തോടുള്ള അവഗണനയാണ്. കോസ്റ്റ്ഗാർഡ് അക്കാഡമി തീരപ്രദേശത്തല്ലാതെ എവിടെയാണ് സ്ഥാപിക്കുക? 2011ൽ തറക്കല്ലിട്ടെങ്കിലും ശേഷിച്ച മൂന്നു വർഷം രണ്ടാം യു.പി.എ സർക്കാരും ഇപ്പോൾ മോദി സർക്കാരും പദ്ധതി പൂർത്തിയാക്കാൻ ഒരു ശ്രമവും നടത്തിയില്ല
- എളമരം കരീം എം.പി