mt
MT

ന്യൂഡൽഹി: രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവൻ നായർ സുപ്രീം കോടതിയിൽ തടസ ഹർജി നൽകി. 'രണ്ടാമൂഴം' നോവൽ സിനിമയാക്കാനുള്ള കരാർ ലംഘിച്ചെന്നാരോപിച്ച് എം.ടി. വാസുദേവൻ നായർ നൽകിയ കേസിൽ ആർബിട്രേഷൻ നടപടി വേണമെന്ന സംവിധായകൻ വി.എ. ശ്രീകുമാറിന്റെ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
ഈ ഉത്തരവിനെതിരേ ശ്രീകുമാർ മേനോൻ സുപ്രീംകോടതിയെ സമീപിക്കാൻ സാധ്യതയുള്ളതിനാലാണ് മുൻകൂറായി തടസഹർജി ഫയൽ ചെയ്തിരിക്കുന്നതെന്ന് എം.ടിയുടെ അഭിഭാഷകർ അറിയിച്ചു.

എം.ടിയുടെ രണ്ടാമൂഴം നോവൽ സിനിമയുമായി ബന്ധപ്പെട്ട കരാർ പ്രകാരം കക്ഷികൾ തമ്മിൽ എന്തങ്കിലും തർക്കമുണ്ടായാൽ ആർബിട്രേഷൻ അതിൽ നിലനിൽക്കുമോ എന്ന് കോഴിക്കോട് മുനിസിഫ് കോടതി തീരുമാനിക്കണമെന്നും കോഴിക്കോട് ഒന്നാം അഡീഷണൽ മുൻസിഫ് കോടതിയിൽ എം.ടി. നൽകിയ കേസ് നിലനിൽക്കുമെന്നും ആർബിട്രേഷനുള്ള കരാർ നിലവിലുണ്ടോയെന്ന കാര്യംഈ കോടതി പരിശോധിക്കണമെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. ഹൈക്കോടതി വിധിക്കെതിരേ ശ്രീകുമാർ മേനോൻ ഹർജി നൽകുന്ന പക്ഷം തന്റെ ഭാഗം കേൾക്കാതെ ഉത്തരവ് ഇറക്കരുതെന്നാണ് സുപ്രീം കോടതിയിൽ നൽകിയ തടസ ഹർജിയിൽ എം.ടിയുടെ ആവശ്യം. അതേസമയം ഉത്തരവിനെതിരെ നിലവിൽ ശ്രീകുമാർ മേനോൻ സുപ്രീംകോടതിയെ സമീപിച്ചിട്ടില്ല.


രണ്ടാമൂഴം നോവൽ സിനിമയാക്കാൻ എം.ടി.യും ശ്രീകുമാർ മേനോനും തമ്മിൽ 2014ലാണ് കരാർ ഒപ്പിട്ടത്. മൂന്നുവർഷക്കാലാവധിക്കുള്ളിൽ സിനിമ പൂർത്തിയാക്കണമെന്നും കരാറിലുണ്ടായിരുന്നു. എന്നാൽ നാലു വർഷം പിന്നിട്ടിട്ടും സിനിമ പുറത്തിറങ്ങാത്തതിനേത്തുടർന്നാണ് കരാർ ലംഘനം ആരോപിച്ച് എം.ടി. കോടതിയെ സമീപിച്ചത്.