ന്യൂഡൽഹി: കണ്ണൂർ അഴീക്കൽ കോസ്റ്റ്ഗാർഡ് അക്കാഡമി പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് യാതൊരു ന്യായീകരണവുമില്ലെന്ന് മുൻ പ്രതിരോധമന്ത്രി എ.കെ.ആന്റണി കേരളകൗമുദിയോട് പറഞ്ഞു. കേരളത്തിൽ നിന്ന് അക്കാഡമി മാറ്റാനുള്ള ഏതോ കേന്ദ്രത്തിന്റെ തീരുമാനമാണ് ഇതിനു പിന്നിൽ. പാരിസ്ഥിതികാനുമതിയില്ലെന്നു പറഞ്ഞ് പദ്ധതിയൊഴിവാക്കുന്നത് അംഗീകരിക്കാനാവില്ല. കോസ്റ്റ്ഗാർഡാണ് ഈ സ്ഥലം തന്നെ വേണമെന്ന് ആവശ്യപ്പെട്ടത്. നാവികേസനാ അക്കാഡമിയുള്ളത് ഏഴിമലയിലാണ്. അതിന് അടുത്ത് സ്ഥലം കിട്ടിയാൽ നല്ലതാണെന്നാണ് കോസ്റ്റ്ഗാർഡ് പറഞ്ഞത്. കോസ്റ്റ്ഗാർഡ് തന്നെയാണ് അഴീക്കലിൽ സ്ഥലം കണ്ടുപിടിച്ചത്. അന്ന് വ്യവസായ മന്ത്രി എളമരം കരീമായിരുന്നു. സർക്കാരിനെ സമീപിച്ച് വേഗത്തിൽ തന്നെ സ്ഥലം ഏറ്റെടുത്തു. പാരിസ്ഥാതികാനുമതിയില്ലെന്നാണ് കേന്ദ്രം പറയുന്നത്. രാജ്യരക്ഷയ്ക്കാവശ്യമായ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിന് പരിസ്ഥിതി മന്ത്രാലയത്തിന് എതിർപ്പുണ്ടെങ്കിൽ സർക്കാർ അത് അവരുമായി ചർച്ചചെയ്ത് പ്രത്യേക അനുവാദം വാങ്ങുന്ന പതിവുണ്ട്. ഗവൺമെൻറ് വിചാരിച്ചാൽ സാധിക്കുന്ന കാര്യമാണത്. സാങ്കേതിക കാരണം പറഞ്ഞ് ഒഴിവാക്കുന്നത് കേരളത്തിന് അത് വേണ്ടെന്ന തീരുമാനത്തിലാണ്.എവിടെയായാലും കടൽതീരത്ത് അല്ലേ പറ്റൂ എന്നും ആന്റണി ചോദിച്ചു.