ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും വരത്തന്മാരാണെന്നു പറഞ്ഞ കോൺഗ്രസ് ലോക്‌സഭാ നേതാവ് ആധിർ രഞ്ജൻ ചൗധരി മാപ്പുപറയണമെന്ന ബി.ജെ.പിയുടെ ആവശ്യത്തിൽ സഭ കലങ്ങിമറിഞ്ഞു. ദേശീയ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട പരാമർശത്തിനിടെയാണ് ഗുജറാത്തുകാരായ മോദിയും അമിത് ഷായും ഡൽഹിയിൽ വരത്തരാണെന്ന പരാമർശം ചൗധരി നടത്തിയത്.
ചോദ്യവേളയിൽ സ്‌റ്റീൽ വകുപ്പുമായി ബന്ധപ്പെട്ട ചോദ്യമുന്നയിക്കാൻ ചൗധരി എഴുന്നേറ്റപ്പോൾ ബി.ജെ.പി അംഗങ്ങൾ വരത്തൻ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ഇതിൽ പ്രകോപിതനായ ചൗധരി, താൻ വരത്തനാണെന്ന് സമ്മതിക്കുന്നുവെന്നും, എന്നാൽ മോദിയും അമിത് ഷായും അദ്വാനിയുമെല്ലാം അതേ ഗണത്തിൽപ്പെട്ടവരാണെന്നും മറുപടി നൽകി.
പിന്നീട് ശൂന്യവേളയിൽ ബി.ജെ.പി അംഗം ഉദയ് പ്രതാപ് സിംഗ് ചൗധരിയുടെ പ്രസ്‌താവന വീണ്ടുമെടുത്തിട്ടു. വൻ ഭൂരിപക്ഷത്തോടെ ജയിപ്പിച്ച വോട്ടർമാരെ അപാനിക്കുന്നതിനു തുല്യമാണ് ആധിർ രഞ്ജൻ ചൗധരിയുടെ പ്രസ്താവനയെന്നും അദ്ദേഹം മാപ്പു പറയണമെന്നും ഉദയ് പ്രതാപ് ആവശ്യപ്പെട്ടു. ജനങ്ങളോടുള്ള വെല്ലുവിളിയാണ് ചൗധരിയുടെ പ്രസ്‌താവനയെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയും പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷയും ബംഗാളിൽ നിന്നുള്ള ചൗധരിയും വരത്തരാണെന്ന് അദ്ദേഹം പറഞ്ഞു. ചൗധരി സ്വന്തം നിലയ്‌ക്ക് മാപ്പു പറയുന്നില്ലെങ്കിൽ സോണിയയോ രാഹുലോ അതു ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സോണിയാ ഗാന്ധിയെ പരാമർശിച്ചത് കോൺഗ്രസ് അംഗങ്ങളം ക്ഷുഭിതരാക്കി. ട്രഷറി ബെഞ്ചും പ്രതിപക്ഷവും നേർക്കുനേർ നിന്ന് വാഗ്വാദം തുടരവെ സ്‌പീക്കർ ഓം ബിർള സഭ ഉച്ചഭക്ഷണത്തിന് പിരിയുകയാണെന്ന് അറിയിച്ചതോടെ വിവാദത്തിന് താത്ക്കാലിക വിരാമമായി.