ന്യൂഡൽഹി: വ്യവസായ മേഖലയിൽ വൻ നിക്ഷേപവും തൊഴിലവസരങ്ങളും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കോർപ്പറേറ്റ് നികുതിയിൽ പ്രഖ്യാപിച്ച വൻ ഇളവുകൾ നടപ്പാക്കുന്നതിനുള്ള ടാക്‌സേഷൻ നിയമ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി.
കഴിഞ്ഞ സെപ്‌തംബറിലാണ് ആഭ്യന്തര കമ്പനികളുടെ കോർപ്പറേറ്റ് നികുതി 30ൽ നിന്ന് 22 % ആയും പുതിയ മാനുഫാക്ചറിംഗ് കമ്പനികളുടെ നികുതി 10 % മുതൽ 12% വരെയും കുറയ്‌ക്കാൻ തീരുമാനിച്ചത്.കോർപറേറ്റ് നികുതി കുറച്ചത് ചെറിയ വ്യവസായികൾക്കും പ്രയോജനം ചെയ്യുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു.
രാജ്യത്തെ സാമ്പത്തിക തളർച്ചയ്ക്ക് കാരണം തെറ്റായ നയങ്ങളാണെന്നും അതു നടപ്പാക്കുന്ന ധനമന്ത്രി 'നിർബല' യാണെന്നും ബില്ലിനെ എതിർത്ത കോൺഗ്രസിലെ ആധിർ രഞ്ജൻ ചൗധരി പറഞ്ഞു. ഇതോടെ ബി.ജെ.പി അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും വരത്തൻമാരാണെന്ന ചൗധരിയുടെ പരാമർശത്തിൽ ബി.ജെ.പി അംഗങ്ങൾ രാവിലെ പ്രതിഷേധിച്ചിരുന്നു.
വൻകിട കമ്പനികൾക്ക് 1,45,000 കോടി രൂപയുടെ നികുതിയിളവുകൾ നൽകുന്നത് സമ്പദ്‌വ്യവസ്ഥയുടെ ഉത്തേജനത്തിന് ഉപകരിക്കില്ലെന്ന് .എൻ.കെ.പ്രേമചന്ദ്രൻ (ആർ.എസ്.പി) പറഞ്ഞു.