ന്യൂഡൽഹി: പട്ടികജാതി പട്ടികവർഗക്കാരുടെ സംവരണത്തിനും ക്രീമിലെയർ പരിധി ആകാമെന്ന ഉത്തരവ് പുനഃപരിശോധിക്കാൻ ഏഴംഗ ബെഞ്ചിന് വിടണമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
2018ൽ ജർണയിൽസിങ്ങ് കേസിൽ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി നിയമപരമായി ശരിയാണോയെന്ന ആശങ്കയുണ്ടെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പറഞ്ഞു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ ക്രീമിലെയർ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് 2008ൽ ഇന്ദിരാസാഹ്നി കേസിൽ സുപ്രീംകോടതിയുടെ തന്നെ അഞ്ചംഗ ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്. അതിനാൽ വിഷയം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണം. കേസുമായി ബന്ധപ്പെട്ട് ഏതൊക്കെ വിഷയങ്ങളാണ് പുനഃപരിശോധിക്കേണ്ടതെന്ന് വ്യക്തമാക്കുന്ന കുറിപ്പും അറ്റോർണി കോടതിക്ക് കൈമാറി. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
കേന്ദ്രത്തിന്റെ ആവശ്യത്തെ പട്ടികജാതി, പട്ടികവർഗ സംഘടനയായ 'സമതാ ആന്ദോളൻ സമിതി' എതിർത്തു. അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പുറപ്പെടുവിച്ചതെന്ന് സംഘടനയ്ക്കായി ഹാജരായ ഗോപാൽ ശങ്കരനാരായണൻ വാദിച്ചു.നിലവിൽ പിന്നാക്കവിഭാഗ സംവരണത്തിന് മാത്രമാണ് ക്രീമിലെയർ ബാധകം.