school-athletics
school athletics

സൺഗ്രൂർ (പഞ്ചാബ് ): പഞ്ചാബിലെ മരകോച്ചുന്ന തണുപ്പിലും അസ്ഥിതുളയ്‌ക്കുന്ന കാറ്റിലും സൺഗ്രൂരിലെ വാർ ഹീറോ സ്റ്റേഡിയത്തിൽ 65ാമത് ദേശീയ സബ്‌ജൂനിയർ - ജൂനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിന് ട്രാക്കുണരുമ്പോൾ കേരളത്തിന്റെ ചുണക്കുട്ടികൾ ചരിത്രം സൃഷ്ടിക്കാനിറങ്ങുന്നു. കഴിഞ്ഞവർഷം ഡൽഹിയിലും റോഹ്‌തഗിലുമായി നടന്ന സബ്‌ ജൂനിയർ - ജൂനിയർ മീറ്റിലെപ്പോലെ മികച്ച പ്രകടം കാഴ്ച വയ്‌ക്കാനാകുമെന്ന് ഉറച്ച വിശ്വാസത്തിലാണ് കേരള ടീം.

കേരളത്തിൻ്രെ പുലിക്കുട്ടികൾ

ഇരുപത്തിയെട്ട് സംസ്ഥാനങ്ങളിൽ നിന്നായി നാലായിരത്തോളം കായികതാരങ്ങളും 1500 അധികൃതരും ഭാഗമാകുന്ന മീറ്റിൽ കേരളത്തിലെ 99 പുലിക്കുട്ടികളാണിനിറങ്ങുന്നത്.ജൂനിയറിൽ 34 ആൺകുട്ടികളും 32 പെൺകുട്ടികളും കളത്തിലറങ്ങുമ്പോൾ സബ് ജൂനിയർ വിഭാഗത്തിൽ 14 ആൺകുട്ടികളും 19 പെൺകുട്ടികളും ചാമ്പ്യൻഷിപ്പ് നിലനിർത്താനിറങ്ങും.

പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും ദേശീയ യോഗ്യതാ മാർക്കിനെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചവരാണ്. ദീർഘ, മദ്ധ്യദൂര ഇനങ്ങളിലും റിലേ, ഹർഡിൽസ്, ജംപ് ഇനങ്ങളിലുമാണ് ഇത്തവണയും കേരളത്തിന്റെ പ്രതീക്ഷ. ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് ഹനാൻ (100 മീറ്റർ, 110 മീറ്റർ ഹഡിൽസ്), ആർ.കെ. വിശ്വജിത്ത് (110 മീറ്റർ ഹഡിൽസ് ), എസ്. അക്ഷയ് (400 മീറ്റർ, 800 മീറ്റർ), സാന്ദ്രമോൾ (100 മീറ്റർ, 200 മീറ്റർ), പ്രതിഭ വർഗീസ് ( 400 മീറ്റർ, 400 മീറ്റർ ഹഡിൽസ്) തുടങ്ങിയ കായികതാരങ്ങൾ പ്രതീക്ഷയേകുന്നു. സബ് ജൂനിയറിലാകട്ടെ എം.കെ. വിഷ്ണു (100 മീറ്റർ , 200 മീറ്റർ , 400 മീറ്റർ ) , മയൂഖ വിനോദ് (400 മീറ്റർ ,600 മീറ്റർ ) ജി.താര (100 മീറ്റർ ,200 മീറ്റർ ) തുടങ്ങിയവരാണ് പ്രതീക്ഷ വാനോളം ഉയർത്തുന്നത്. ഹീറ്റ്സും കോളിഫൈയിംഗ് മത്സരങ്ങളുമായി 24 ഇനത്തിലാകും ഇന്ന് (4ന്) കായികതാരങ്ങൾ മാറ്റുരയ്ക്കുക.ആദ്യദിനത്തിൽ ഫൈനൽ മത്സരങ്ങളില്ല.

കണ്ണൂർ ഗവ. ട്രെയിനിംഗ് സ്കൂളിലെ കായികാദ്ധ്യാപകനായ മുഹമ്മദ് അലി പി.പിയാണ് ടീമിനെ നയിക്കുന്നത്. ഇതിന് പുറമേ കോച്ചുമാരായി അജയരാജ്, നന്ദഗോപൻ, ജാഫർ ബാബു, ഷിബി മാത്യൂ, മനീഷ്, അഭിലാഷ് എന്നിവരും മാനേജർമാരായി ജിജി ജോൺ, സിജു കെ.ദാസ്, ജിക്കു ചെറിയാൻ, വിനോദ് കുമാർ, മോഹൻ, മേരി കെ.ജെ., നിർമ്മല കെ.പി., സൂര്യ മോൾ എന്നിവരും കേരളത്തിൽ നിന്ന് 29ന് മംഗള - ലക്ഷദ്വീപ് എക്സ്പ്രസിൽ പഞ്ചാബിലെത്തിയ സംഘത്തിലുണ്ട്. സ്റ്റേഡിയത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ ബദ്രുക്ക സീനിയർ സെക്കൻഡറി സ്കൂളിലാണ് താമസം ഒരുക്കിയിരിക്കുന്നത്. കായികതാരങ്ങളുടെ ആരോഗ്യം കാത്ത് സൂക്ഷിക്കുന്നതിനായി മുൻ മീറ്റുകളിലെപ്പോലെ പാചകക്കാരെ വച്ച് സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കുട്ടികൾക്ക് നൽകുകയാണ് കേരള ടീം.

വെല്ലുവിളികളേറെ

കൊടും തണുപ്പാണ് കേരള ടീമിന്റെ പ്രധാന വെല്ലുവിളിയായേക്കും.

15 ഡിഗ്രി സെൽഷ്യസിലാണ് ഇന്നലെ രാവിലെ സൺഗ്രൂർ ഉണർന്നത്.

തണുപ്പ് കാരണം രാവിലെ 10.30ന് ശേഷമേ മത്സരങ്ങൾ തുടങ്ങൂ.

വൈകിട്ട് 3 മണിയോടെ മത്സരങ്ങൾ അവസാനിപ്പിക്കും.

തമിഴ്‌നാട്, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങളാണ് കേരളത്തിന് ട്രാക്കിലും ഫീൽഡിലും പ്രധാനമായും വെല്ലുവിളി ഉയർത്തുക.