ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വസതിയിലേക്ക് സുരക്ഷാ പരിശോധന കൂടാതെ കാർ കടത്തിവിട്ട സംഭവത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചതായും ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ എസ്.പി.ജി നിയമ ഭേദഗതി ബിൽ ചർച്ചയ്ക്കിടെ അറിയിച്ചു.
രാഹുൽഗാന്ധി എത്തുമെന്നു പ്രതീക്ഷിച്ചിരുന്ന സമയത്തു തന്നെ കറുത്ത എസ്.യും എത്തിയതാണ് തെറ്റിദ്ധാരണയ്‌ക്ക് കാരണമെന്നും രാഹുലിന്റെയും റോബർട്ട് വാദ്രയുടെയും വാഹനം സുരക്ഷാ പരിശോധനയില്ലാതെയാണ് കടത്തിവിടാറുള്ളതെന്നും അമിത് ഷാ വിശദീകരിച്ചു.
സംഭവത്തിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് അമിത് ഷാ വിമർശിച്ചു. പ്രിയങ്കയുടെ സുരക്ഷ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ പാർലമെന്റിലോ മാദ്ധ്യമപ്രവർത്തകർക്കു മുന്നിലോ ഉന്നയിക്കുന്നതിനു പകരം, രഹസ്യസ്വഭാവം നിലനിറുത്തി തന്നെയോ സി.ആർ.പി.എഫ് ഡി.ജിമാരെയോ സുരക്ഷാ ചുമതലയുള്ളവരെയോ അറിയിക്കണമായിരുന്നു.
നവംബർ 25നാണ് യു.പി കോൺഗ്രസ് പ്രവർത്തക ശാരദാ ത്യാഗിയും കുടുംബവും സഞ്ചരിച്ച എസ്.യു.വി മുൻകൂർ അനുമതിയോ സുരക്ഷാ പരിശോധനയോ കൂടാതെ പ്രിയങ്കാ ഗാന്ധിയുടെ ഡൽഹി ലോധി എസ്റ്റേറ്റിലെ വസതിയിയിലെത്തിയത്. മൂന്നു സ്ത്രീകളും പെൺകുട്ടിയും മൂന്നു പുരുഷന്മാരും അടങ്ങിയ സംഘം പ്രധാന ഗേറ്റിലൂടെ കാർ പോർച്ച് വരെയെത്തി പ്രിയങ്കയുടെ അരികിലെത്തി ഫോട്ടോ എട്ടുത്തതിനു ശേഷമാണ് മടങ്ങിയത്. പ്രിയങ്ക ഇവരോട് സ്നേഹപൂർവമാണ് പെരുമാറിയതെങ്കിലും പ്രിയങ്കയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ സുരക്ഷാവീഴ്ച സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
നവംബർ ആദ്യവാരമാണ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുടെ എസ്.പി.ജി സുരക്ഷ കേന്ദ്രസർക്കാർ റദ്ദാക്കിയത്. പകരം സി.ആർ.പി.എഫിന്റെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് മൂന്നു പേർക്കും നിലവിലുള്ളത്. എസ്.പി.ജി സുരക്ഷ റദ്ദാക്കിയതിൽ കോൺഗ്രസ് പാർലമെന്റിൽ ഉൾപ്പെടെ കടുത്ത പ്രതിഷേധം നടത്തുന്നതിനിടെയാണ് സുരക്ഷാവീഴ്ചയുണ്ടായത്.
എസ്.പി.ജി സുരക്ഷ ഇനി
പ്രധാനമന്ത്രിക്കു മാത്രം
സ്‌പെഷ്യൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് (എസ്.പി.ജി) സുരക്ഷ പ്രധാനമന്ത്രിക്കും ഒപ്പമുള്ള കുടുംബാംഗങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തുന്ന നിയമഭേദഗതി ബിൽ പാർലമെന്റ് പാസാക്കി. നേരത്തെ ലോക്‌സഭ കടന്ന ബിൽ കോൺഗ്രസ് അംഗങ്ങളുടെ ബഹളത്തിനും ഇറങ്ങിപ്പോക്കിനുമിടയിലാണ് ഇന്നലെ രാജ്യസഭയും പാസാക്കിയത്. പദവിയൊഴിഞ്ഞ് അഞ്ചു വർഷം വരെ പ്രധാനമന്ത്രിക്കും കുടുംബത്തിനും എസ്.പി.ജി സുരക്ഷ ലഭിക്കും.
അതേസമയം ഗാന്ധി കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ ഒഴിവാക്കിയത് രാഷ്‌ട്രീയ പ്രതികാര നടപടിയാണെന്ന കോൺഗ്രസ് ആരോപണം ആഭ്യന്തരമന്ത്രി അമിത്ഷാ തള്ളി. എസ്.പി.ജി സുരക്ഷ പ്രധാനമന്ത്രിക്കു മാത്രമുള്ളതാണ്. ഗാന്ധി കുടുംബത്തിന്റെ മാത്രമല്ല രാജ്യത്തെ 130 കോടി ജനങ്ങളുടെയും സുരക്ഷ കേന്ദ്രസർക്കാരിന് പ്രധാനമാണ്.വ്യക്തികളുടെ പ്രതാപത്തിന്റെ അടയാളമായി സുരക്ഷയെ കാണരുത്. പ്രധാനമന്ത്രി പദമൊഴിഞ്ഞ് അഞ്ചു വർഷം കഴിഞ്ഞാൽ മോദിക്കും എസ്.പി.ജി സുരക്ഷയുണ്ടാകില്ലെന്ന് അമിത് ഷാ പറഞ്ഞു.
പ്രിയങ്കാ ഗാന്ധിയുടെ വസതിയിലെ സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ വസതിയിലുണ്ടായ ഗുരുതര സുരക്ഷ വീഴ്ച അന്വേഷിക്കണമെന്ന് ആന്റോ ആന്റണി എം. പി. ലോക്സഭയിൽ ആവിശ്യപ്പെട്ടു. കൂടുതൽ സുരക്ഷയുണ്ടെന്ന ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തിയ ശേഷമാണ് ഏഴ് പേർ കാറോടിച്ച് വീടിനുള്ളിൽ കയറിയത്. ഇതെങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമാകണം. രാഷ്ട്രത്തിനുവേണ്ടി ജീവൻ നൽകിയ രണ്ടു പ്രധാന മന്ത്രിമാരുടെ കുടുംബത്തിനു സംരക്ഷണം നൽകുന്നതിൽ സർക്കാർ രാഷ്ട്രീയം കളിക്കുകയാണ്. ഇന്ത്യയിൽ എറ്റവും കുടുതൽ സുരക്ഷ ഭീഷണിയുള്ളത് സോണിയാ ഗാന്ധിക്കും കുടുംബത്തിനുമാണെന്ന ഇന്റലിജൻസ് റിപ്പോർട്ട് മറികടന്നാണ് സർക്കാർ തീരുമാനം. ഗാന്ധി കുടുംബത്തിനുള്ള സംരക്ഷണം ഉറപ്പാക്കാൻ അടിയന്തിര നടപടി കൈക്കൊള്ളണമെന്നും എം.പി ആവശ്യപ്പെട്ടു.