navy

ന്യൂഡൽഹി: അടുത്ത വർഷം മാർച്ചിൽ നടക്കുന്ന ഇന്ത്യൻ നാവികസേനയുടെ മിലാൻ അഭ്യാസ പ്രകടനത്തിലേക്ക് ചൈനയ്‌ക്ക് ക്ഷണമില്ല. ചൈന ഒഴികെ 41 രാജ്യങ്ങളെയാണ് ഇന്ത്യൻ നാവികസേന ക്ഷണിച്ചിരിക്കുന്നത്. അമേരിക്ക, റഷ്യ, ഫ്രാൻസ്, ഇസ്രയേൽ, ഖത്തർ, മലേഷ്യ,ആസ്ട്രേലിയ, കെനിയ, ഈജിപ്റ്റ്, ശ്രീലങ്ക, വിയ്റ്റ്‌നാം, മ്യാൻമർ, ന്യൂസിലൻഡ്, ടാൻസാനിയ, ജപ്പാൻ,യു.കെ, സൗദി അറേബ്യ,സിംഗപ്പൂർ, ദക്ഷിണ കൊറിയ, കുവൈറ്റ്, ഇറാൻ, യു.എ.ഇ തുടങ്ങിയ സമാനമനസ്‌കരായ രാജ്യങ്ങളെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂവെന്ന് നാവികസേനാമേധാവി അഡ്മിറൽ കരംബീർ സിംഗ് പറഞ്ഞു.

ഇന്ത്യൻ സമുദ്രാതിർത്തിയിൽ ചൈനീസ് നാവികസേനയുടെ സാന്നിദ്ധ്യം വർദ്ധിച്ചു വരികയാണ്. ഏതു ഭീഷണിയേയും നേരിടാൻ ഇന്ത്യ സജ്ജമാണ്. ആൻഡമാൻ സമുദ്രാതിർത്തിയിൽ അനുമതിയില്ലാതെ നങ്കൂരമിട്ടിരുന്ന ചൈനയുടെ ഷി യാൻ 1 എന്ന കപ്പലിനെ ഇന്ത്യൻ നാവികസേന തുരത്തിയതായും നാവികസേനാ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
സമുദ്രമാർഗത്തിലൂടെ രാജ്യത്ത് നുഴഞ്ഞുകയറ്റത്തിനായി ഭീകരസംഘടനകൾ തയ്യാറെടുക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. പാക് നുഴഞ്ഞു കയറ്റം തടയാൻ സുരക്ഷ കർശനമാക്കിയതായും അദ്ദേഹം അറിയിച്ചു.