nrc

ന്യൂഡൽഹി: അയൽ രാജ്യങ്ങളിൽ നിന്ന് പാലായനം ചെയ്‌തു വരുന്ന ഹിന്ദു, ക്രിസ്‌ത്യൻ, സിക്ക്, പാർസി, ജെയിൻ, ബുദ്ധ സമുദായത്തിൽപ്പെട്ട ഇന്ത്യൻ വംശജർക്ക് ഇന്ത്യയിൽ പൗരത്വം അനുവദിക്കാനുള്ള പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. നേരത്തെ ലോക്‌സഭ പാസാക്കിയ ബിൽ രാജ്യസഭ കടക്കാതെ ലാപ്‌സായതിനെ തുടർന്നാണ് കേന്ദ്രമന്ത്രിസഭ വീണ്ടും പരിഗണിച്ചത്. മുസ്ളീം പൗരൻമാരുടെ പരാമർശമില്ലാത്ത ബില്ലിൽ പ്രതിപക്ഷം എതിർപ്പ് പ്രകടിപ്പിച്ചു.

ബിൽ നിയമമായാൽ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ ഇന്ത്യക്കാർക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കും. ഇതിനായി 1955ലെ പൗരത്വ ബില്ലിലാണ് ഭേദഗതി വരുത്തുന്നത്. വിദേശ പൗരൻമാർക്ക് അംഗീകാരം നൽകുന്നതിലുള്ള എതിർപ്പ് പരിഗണിച്ച് അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറം സംസ്ഥാനങ്ങളെയും ആറാം ഷെഡ്യൂളിൽ ഉൾപ്പെട്ട അസാം, മേഘാലയ, സിക്കിം സംസ്ഥാനങ്ങളുടെ വലിയൊരു ഭാഗത്തെയും ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയതായി സൂചനയുണ്ട്. അസാമിലെ എൻ.ഡി.എ സംഖ്യകക്ഷിയായ അസാം ഗണ പരിഷത്തിന്റെ എതിർപ്പ് പരിഹരിക്കപ്പെട്ടതായും അറിയുന്നു.

ബില്ലിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനം വിശദീകരിച്ച കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വെളിപ്പെടുത്തിയില്ല. കോൺഗ്രസ്, ഡി.എം.കെ, സമാജ്‌വാദി, ആർ.ജെ.ഡി, ഇടത് പാർട്ടികൾ എന്നിവ ബില്ലിനെ എതിർക്കുന്നുവെങ്കിലും ലോക്‌സഭയിൽ പാസാക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. രാജ്യസഭയിൽ അണ്ണാ ഡി.എം.കെ, ബി.ജെ.ഡി എന്നിവയുടെ പിന്തുണ സർക്കാരിന് അനിവാര്യമാകും.

മുതിർന്ന പൗരന്മാർക്ക് സംരക്ഷണം

പ്രായമായ രക്ഷിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും സംരക്ഷണം മുൻനിറുത്തിയുള്ള ദേദഗതി ബില്ലിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകി.

എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും മുതിർന്ന പൗരൻമാരുടെ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ നോഡൽ ഓഫീസർമാരെ നിയമിക്കാനും ജില്ലാ തലത്തിൽ പ്രത്യേക പൊലീസ് യൂണിറ്റ് രൂപീകരിക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു. ഹെൽപ്‌ലൈൻ സഹായവും ഒരുക്കണം. മുതിർന്ന പൗരൻമാർക്കുള്ള കെയർ ഹോമുകളുടെയും ഹോം കെയർ സേവനങ്ങളുടെയും പ്രവർത്തനം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളും ബില്ലിലുണ്ട്.

വ്യക്തി വിവര സംരക്ഷണം

വ്യക്തികളെ സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിക്കുന്നതിനും ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള പഴ്സണൽ ഡാറ്റാ പ്രൊട്ടക്‌ഷൻ ബില്ലിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. വ്യക്തി വിവരങ്ങൾ ദുരുപയോഗം ചെയ്താലുള്ള പിഴ, മാർഗനിർദ്ദേശങ്ങൾ തുടങ്ങിയവ നിയമത്തിലുണ്ട്.. കേന്ദ്രസർക്കാർ ഇസ്രയേൽ ചാര ഏജൻസി പെഗാസസ് വഴി വാട്ട്‌സ്ആപ്പിൽ നിന്ന് വ്യക്തികളുടെ വിവരങ്ങൾ ചോർത്തിിയെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ ബില്ലിന് പ്രാധാന്യമേറെയാണ്.

കേന്ദ്ര സംസ്‌കൃത സർവ്വകലാശാല

മൂന്ന് സംസ്കൃത കൽപിത സർവ്വകലാശാലകളെ സംയോജിപ്പിച്ച് കേന്ദ്ര സംസ്‌കൃത സർവ്വകലാശാല രൂപീകരിക്കാനുളള ബില്ലിനും അംഗീകാരം നൽകി.

ഡൽഹിയിലെ രാഷ്‌ട്രീയ സാൻക്രിറ്റ് സൻസ്‌താൻ, ലാൽ ബഹാദൂർ ശാസ്‌ത്രി രാഷ്‌ട്രീയ സംസ്‌കൃത വിദ്യാപീഠ്, തിരുപ്പതി സംസ്‌കൃത വിദ്യാപീഠം എന്നിവയാണ് സംയോജിപ്പിക്കുന്നത്. . സംസ്‌കൃത ഭാഷയുടെ ഉന്നമനത്തിനും സർവ്വകലാശാലകൾക്ക് കൂടുതൽ ഫണ്ടും സ്വയംഭരണവും കൈവരുത്തുന്നതിനും ബില്ലിൽ വ്യവസ്ഥയുണ്ട്. .