chidambaram

ന്യൂഡൽഹി:മുൻ കേന്ദ്രധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന് ഐ.എൻ.എക്സ് മീഡിയ അഴിമതിയിലെ എൻഫോഴ്സമെൻറ് കേസിലും സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇതോടെ 106 ദിവസത്തെ കസ്റ്റഡിക്ക് ശേഷം ചിദംബരത്തിന് പുറത്തിറങ്ങാൻ വഴിയൊരുങ്ങി.

ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധി ജസ്റ്റിസ് ആർ.ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ ബെ‌ഞ്ച് റദ്ദാക്കി. സി.ബി.ഐ കേസിൽ ഒക്ടോബർ 22ന് ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ച് ജാമ്യം നൽകിയിരുന്നെങ്കിലും ഇ.ഡി കേസിൽ അറസ്റ്റിലായതിനാൽ ചിദംബരം തിഹാർ ജയിലിൽ തന്നെ തുടരുകയായിരുന്നു.സാമ്പത്തിക കുറ്റകൃത്യങ്ങൾ അതീവ ഗൗരവതരമാണെങ്കിലും ജാമ്യം എന്നത് നിയമമാണെന്ന് കോടതി വ്യക്തമാക്കി. സൂത്രധാരൻ ചിദംബരമാണെന്ന തരത്തിൽ കേസിന്റെ മെറിറ്റിനെ ബാധിക്കുന്ന നിരീക്ഷണം നടത്തിയ ഡൽഹി ഹൈക്കോടതിയെയും ബെഞ്ച് വിമർശിച്ചു. ഹൈക്കോടതി, സുപ്രീംകോടതി വിധികളിലെ പരാമർശങ്ങൾ കേസിന്റെ മെറിറ്റിനെ ബാധിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

ഗസ്റ്റ് 21നാണ് സി.ബി.ഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. സെപ്തംബർ 5 മുതൽ തിഹാർ ജയിലിലായിരുന്നു.

ജാമ്യ വ്യവസ്ഥകൾ

രണ്ടുലക്ഷം രൂപ കെട്ടിവയ്ക്കണം, തത്തുല്യമായ രണ്ട് ആൾ ജാമ്യം

കോടതിയുടെ അനുമതിയില്ലാതെ വിദേശയാത്ര പാടില്ല

പാസ്പോർട്ട് കോടതിയിൽ തുടരും

മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകരുത്, പരസ്യ പ്രസ്താവനകളിറക്കരുത്

അന്വേഷണവുമായി സഹകരിക്കണം, ആവശ്യപ്പെടുമ്പോൾ ഹാജരാകണം

തെളിവ് നശിപ്പിക്കാനോ, സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്

ജാമ്യം അനുവദിക്കാൻ കാരണം

നീണ്ട കസ്റ്റഡി കാലാവധി

മറ്റുപ്രതികൾ ജാമ്യത്തിൽ

74 വയസ്. പ്രായാധിക്യത്തിന്റെ അസുഖങ്ങൾ

രാജ്യംവിടാനോ, തെളിവ് നശിപ്പിക്കാനോ, സാക്ഷികളെ സ്വാധീനിക്കാനുള്ള സാദ്ധ്യതയില്ല

തിഹാറിലെത്തിയ വഴി

ഒന്നാം യു.പി.എ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കെ 2007ൽ ഐ.എൻ.എക്സ് മീഡിയയ്ക്ക് 305 കോടി വിദേശ നിക്ഷേപത്തിന് അനുമതി നൽകിയതിൽ അഴിമതി ആരോപണം

2017ൽ സി.ബി.ഐ കേസെടുത്തു

2018:ഇതേ കേസിൽ കള്ളപ്പണം വെളുപ്പിക്കലിൽ എൻഫോഴ്സ്‌മെന്റ് കേസ്

പ്രതികൾ മകൻ കാർത്തി ചിദംബരം, ഐ.എൻ.എക്സ് മീഡിയ സ്ഥാപകരായ ഇന്ദ്രാണി മുഖർജി, പീറ്റർ മുഖർജി

2018 ഫെബ്രുവരി 28ന് കാർത്തിയെ സി. ബി. ഐ അറസ്റ്റ് ചെയ്‌തു

കാർത്തിയുടെ 54 കോടിയുടെ സ്വത്ത് കണ്ടുകെട്ടി.

ആഗസ്റ്റ് 20ന് ഡൽഹി ഹൈക്കോടതി ചിദംബരത്തിന് മുൻകൂർ ജാമ്യം നിഷേധിച്ചു

ആഗസ്റ്റ് 21ന് മുൻകൂർ ജാമ്യ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു,

വസതിയിൽ നിന്ന് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തു

സെപ്തബംർ 5ന് തിഹാറിൽ

മൂന്ന് കേസുകൾ

1. ഐ.എൻ. എക്സ് മീഡിയ കേസ്

2. 3,500 കോടിയുടെ എയർസെൽ മാക്സിസ് കേസിൽ ചിദംബരവും കാർത്തിചിദംബരവും പ്രതികൾ.

3. എയർഇന്ത്യയ്‌ക്ക് 111 വിമാനം വാങ്ങാനുള്ള 70,000 കോടിയുടെ ഇടപാടിലെ അഴിമതി