സൺഗ്രൂർ (പഞ്ചാബ് ): 65ാമത് ദേശീയ സബ്‌ജൂനിയർ - ജൂനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിന് പഞ്ചാബിലെ സൺഗ്രൂർ വാർ ഹീറോ സ്റ്റേഡിയത്തിൽ തുടക്കമായി. ഫൈനലുകൾ ല്ലായിരുന്ന ആദ്യ ദിനത്തിൽ യോഗ്യതാറൗണ്ട് മത്സരങ്ങളാണ് നടന്നത്.
അതിശൈത്യം കായികതാരങ്ങളുടെ ആരോഗ്യത്തെയും പ്രകടനത്തേയും പ്രതികൂലമായി ബാധിക്കാൻ സാദ്ധ്യതയുള്ളതിനാൽ മത്സരങ്ങൾ 10.30ന് തുടങ്ങി വൈകിട്ട് 3 ന് അവസാനിക്കുമെന്ന് സംഘാടകർ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് 12 മണിയോടെയാണ് മത്സരങ്ങൾ ആരംഭിച്ചത്. കാലാവസ്ഥ എന്ന വില്ലനെ കരുത്തോടെ തകർത്ത് ആദ്യ ദിനത്തിൽ പത്തോളം ഇനങ്ങളിലാണ് കേരളത്തിന്റെ പ്രതീക്ഷകളായ കുഞ്ഞുകായികതാരങ്ങൾ സെമിയിൽ കടന്നത്.സബ് ജൂനിയർ വിഭാഗങ്ങളിലെക്കാൾ ജൂനിയർ വിഭാഗങ്ങളിലാണ് മുൻ വർഷത്തെപ്പോലെ ഇത്തവണയും കേരള ടീം മിന്നും പ്രകടനം കാഴ്ച വച്ചത്.
ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ എസ്.അക്ഷയ്, കെ. അഭിജിത്ത് (400 മീറ്റർ ), സ്റ്റാൻലിൻ ജോഷ്വാ (100 മീറ്റർ) എന്നിവർ സെമിയിൽ എത്തി.ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ അജ്ഞിമ, റോഷ്ന അഗസ്റ്റിൻ (ഹൈജമ്പ്), കെ.പി. സനിക (1500 മീറ്റർ), എൽഗാ തോമസ് , പ്രതിഭ വർഗീസ് (400 മീറ്റർ),ഫിസ റഫീക്ക്, സാന്ദ്രമോൾ സാബു (100 മീറ്റർ) എന്നിവർ സെമിയിലേക്ക് യോഗ്യത നേടി.
സബ്‌ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ വിഷ്ണു എം.കെ. (100 മീറ്റർ) സെമിയിൽ എത്തിയപ്പോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ മയൂഖ വിനോദ് , ശാരിക സുനിൽകുമാർ (400 മീറ്റർ) , ജി.താര (100 മീറ്റർ) എന്നിവരും സെമിയിൽ എത്തി.
ഇന്ന് 17 ഫൈനലുകൾ
5 കിലോമീറ്റർ നടത്തം, ഷോട്ട് പുട്ട് , ലോംഗ് ജംപ് തുടങ്ങി 17 ഇനങ്ങളിൽ ഇന്ന് ഫൈനൽ മത്സരങ്ങളുണ്ട്. ഇതിൽ എല്ലാ മത്സരങ്ങളിലും കേരളത്തിന്റെ സാന്നിദ്ധ്യവുമുണ്ട്. മെഡൽ വേട്ട തുടങ്ങുന്ന ആദ്യ ദിനം തന്നെ ഒട്ടേറെ പ്രതീക്ഷകളോടെയാണ് ടീം മത്സരത്തിനിറങ്ങുന്നത്.