ന്യൂഡൽഹി:കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദർശനത്തിന് ശ്രമിച്ച് മടങ്ങിയ രഹ്‌നഫാത്തിമ ഇത്തവണ ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ റിട്ട് ഹർജി നൽകി. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അടുത്തയാഴ്ച പരിഗണിക്കാമെന്ന് ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
എല്ലാ തരത്തിലുള്ള ശാരീരിക ആക്രമണങ്ങളെയും തടയാനുള്ള സുരക്ഷ ഒരുക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. ഓൺലൈനിലൂടെയും അല്ലാതെയുമുള്ള ഭീഷണികളിൽ ഉടൻ നിയമനടപടിയെടുക്കാനും നിർദ്ദേശിക്കണം. എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച വിധി നടപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. പ്രവേശിക്കുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകാനും ബാദ്ധ്യതയുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കാത്ത സംസ്ഥാന സർക്കാരിന്റെ നടപടി കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മണ്ഡലകാലത്ത് രഹ്‌ന ഫാത്തിമ ദർശനത്തിന് ശ്രമിച്ചത് സംഘർഷമുണ്ടാക്കിയിരുന്നു. ഹെൽമറ്റ് ധരിപ്പിച്ച് സന്നിധാനത്ത് എത്തിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു. പിന്നീട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ പൊലീസ് രഹ്‌ന ഫാത്തിമയെ അറസ്റ്റ് ചെയ്തു.
ശബരിമല വിധി നടപ്പാക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ദർശനത്തിനെത്തുന്ന യുവതികൾക്ക് പൊലീസ് സംരക്ഷണം ഒരുക്കണമെന്നും ആവശ്യപ്പെട്ട് ബിന്ദുഅമ്മിണി കഴിഞ്ഞദിവസം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.