സൺഗ്രൂർ: ജീവിത വഴിയിൽ വിധിയുടെ ക്രൂരതയിൽ കൈ നഷ്‌ടമായെങ്കിലും
തളരാത്ത പോരാട്ട വീര്യവുമായി ജൂനിയർ ആൺകുട്ടികളുടെ 400 മീറ്രർ യോഗ്യതാ മത്സരത്തിൽ ഒന്നാമതെത്തിയ ദിലീപ് ഗാവിതായിരുന്നു ഇന്നലെ ദേശീയ സ്കൂൾ കായിക മേളയിലെ താരം.
മഹാരാഷ്ട്രയിലെ നാസിക്ക് സ്വദേശിയായ ദിലീപിന് നാലാം വയസിലുണ്ടായ അപകടത്തിലാണ് വലത് കൈയ്ക്ക് ഗുരുതരമായി പരിക്കേറ്രത്. കൂലിപ്പണിക്കാരായ പിതാവ് മഹാദൂക്കിനും അമ്മ മോഹന ബായിക്കും സഹോദരങ്ങൾക്കും ദിലീപിനെ ചികിത്സിക്കാനുള്ള തുക കണ്ടെത്താൻ കഴിഞ്ഞില്ല. അതോടെ മുട്ടിന് മുകളിൽ വച്ച് കൈ മുറിച്ചു മാറ്രേണ്ടി വന്നു.
സ്കൂളിലെ ഓട്ട മത്സരങ്ങളിൽ മുൻപന്തിയിലായിരുന്ന ദിലീപിന്റെ പ്രകടനം കോച്ച് വഗനാഥ് കാളിയുടെ ശ്രദ്ധയിൽപ്പെട്ടത് നിർണായകമായി. പന്ത്രണ്ട് വയസുമുതൽ ദിലീപ് വഗനാഥിനൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ചാണ് പരിശീലനം നേടുന്നത്.
കഴിഞ്ഞ ദേശീയ സ്കൂൾ മീറ്റിൽ റിലേയിൽ വെങ്കലവും സ്വർണവും നേടിയ ടീമിൽ അംഗമായിരുന്നു.