പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ടു
ന്യൂഡൽഹി: മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐയ്ക്കു വിടാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പു നൽകിയതായി ഫാത്തിമയുടെ പിതാവ് അബ്ദുൾ ലത്തീഫ് വാർത്താലേഖകരോട് പറഞ്ഞു. വനിതാ ഐ.ജി അന്വേഷണത്തിന് നേതൃത്വം നൽകും.
രാജ്യത്തെ ഐ.ഐ.ടികളിലെ ദുരൂഹ മരണങ്ങളിൽ മറ്റൊരു സി.ബി.ഐ സംഘവും അന്വേഷണം നടത്തും. നിലവിൽ തമിഴ്നാട് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം തടസപ്പെടില്ലെന്നും ആഭ്യന്തരമന്ത്രി ഉറപ്പു നൽകി.
ഇന്നലെ ഫാത്തിമയുടെ പിതാവ് ലത്തീഫും ഇരട്ട സഹോദരി ആയിഷയും എൻ.കെ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള കേരള എംപിമാരോടൊപ്പം പാർലമെന്റിലെത്തി അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കണ്ടു. സംസ്ഥാനത്തു നിന്നുള്ള എം.പിമാർ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നെന്നും സി.ബി.ഐ അന്വേഷണത്തിൽ തത്വത്തിൽ തീരുമാനമായെന്നും അമിത്ഷാ അറിയിച്ചു.
ഫാത്തിമയുടെ മരണ വിവരം തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഭവം സി.ബി.ഐ അന്വേഷിക്കുമെന്ന് അദ്ദേഹവും ഉറപ്പു നൽകി. ഫാത്തിമയുടെ മരണത്തിലും സാങ്കേതിക സർവകലാശാലകളിലെ ദുരൂഹ മരണങ്ങളിലും സ്വതന്ത്ര അന്വേഷണം വേണമെന്ന നിവേദനം ലത്തീഫ് കൈമാറി. ഇതിനു പുറമേ രാഹുൽ ഗാന്ധി അടക്കം 37 എം.പിമാർ ഒപ്പിട്ട നിവേദനവും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നൽകി.
എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എ.എം ആരിഫ്, ടി.എൻ പ്രതാപൻ, പി.കെ കുഞ്ഞാലിക്കുട്ടി, അടൂർ പ്രകാശ്, ഇ.ടി മുഹമ്മദ് ബഷീർ, കെ. സുധാകരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, രമ്യാ ഹരിദാസ്, ഫാത്തിമയുടെ ഇരട്ട സഹോദരി ആയിഷ, കൊല്ലം മുൻ മേയർ അഡ്വ. വി രാജേന്ദ്രബാബു എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.