ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ച 2018ലെ വിധി അന്തിമവാക്കല്ലെന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എസ്.എ. ബോബ്ഡെ വാക്കാൽ പറഞ്ഞു. വിഷയം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു.
ശബരിമല പ്രവേശനത്തിന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി ചീഫ്ജസ്റ്റിസിന്റെ സുപ്രധാന പരാമർശം.
കഴിഞ്ഞതവണ ശബരിമല പ്രവേശനം നടത്തിയ ബിന്ദുഅമ്മിണിക്ക് നേരെ ഇത്തവണ ആക്രമണമുണ്ടായതായി ബിന്ദുഅമ്മിണിക്ക് വേണ്ടി മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗ് ചൂണ്ടിക്കാട്ടി.
ആക്രമണം നടന്നത് കൊച്ചി പൊലീസ് കമ്മിഷണർ ഓഫീസ് വളപ്പിലാണ്. പൊലീസ് സംരക്ഷണം നൽകുന്നില്ല. 2018 ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശബരിമലയിൽ പോകാൻ സംരക്ഷണം നൽകാൻ സംസ്ഥാനസർക്കാരിന് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
2018ലെ വിധി ഭരണഘടനാ ബെഞ്ചിന്റേതാണ്. അത് അന്തിമമാണെന്ന് ഇന്ദിരാജയ്സിംഗ് പറഞ്ഞു. നിലവിലെ വിധിക്ക് സ്റ്റേയില്ലെന്നും ചൂണ്ടിക്കാട്ടി. ഹർജി ക്രിസ്മസ് അവധിക്ക് ശേഷം കേൾക്കാമെന്ന് ചീഫ്ജസ്റ്റിസ് പറഞ്ഞു. എന്നാൽ ശബരിമല മണ്ഡലകാലം അവസാനിക്കാറായെന്നും ഹർജി ഉടൻ പരിഗണിക്കണമെന്നും ഇന്ദിരാജയ്സിംഗ് ആവശ്യപ്പെട്ടു. തുടർന്ന് ശബരിമല ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് രഹ്നഫാത്തിമ നൽകിയ ഹർജിക്കൊപ്പം അടുത്തയാഴ്ച പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.