chidambaram

ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ 106 ദിവസത്തെ കസ്റ്റഡിക്ക് ശേഷം പുറത്തിറങ്ങിയ കോൺഗ്രസ് നേതാവ് പി. ചിദംബരം ഇന്നലെ രാജ്യസഭയിലെത്തി. കേന്ദ്രസർക്കാരിന് തന്നെ നിശബ്ദനാക്കാൻ കഴിയില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

മകൻ കാർത്തി ചിദംബരത്തിനൊപ്പം പാർലമെന്റിലെത്തിയ ചിദംബരം ഉള്ളി വിലവർദ്ധനയ്ക്കെതിരെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിൽ ആദ്യം പങ്കെടുത്തു. ചിദംബരത്തെ കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ള നേതാക്കൾ സ്വീകരിച്ചു. ഡി.എം.കെയിലെ തിരുച്ചി ശിവ ഉൾപ്പെടെയുള്ള എം.പിമാരുമായും സംസാരിച്ചു. തുടർന്ന് രാജ്യസഭയിലെത്തിയപ്പോൾ കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ ഹസ്തദാനം ചെയ്തു. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ആലിംഗനം ചെയ്തു. എ.കെ ആന്റണിയുമായും ജയറാം രമേശുമായും സംസാരിച്ചു.


സാമ്പത്തിക പ്രതിസന്ധി: സർക്കാരിന് ധാരണയില്ലെന്ന് ചിദംബരം
സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ തികഞ്ഞ പരാജയമാണന്നും വിഷയത്തിൽ അവർക്ക് യാതൊരു ധാരണയുമില്ലെന്നും ജയിൽമോചിതനായശേഷം എ.ഐ.സി.സി. ആസ്ഥാനത്ത് നടത്തിയ ആദ്യ പത്രസമ്മേളനത്തിൽ ചിദംബരം പറഞ്ഞു.
ഈ സാമ്പത്തിക വർഷം ഏഴു മാസം പിന്നിട്ടിട്ടും സാമ്പത്തിക പ്രതിസന്ധി മനസിലാക്കാൻ സർക്കാരിന് ആകുന്നില്ല. അവർക്ക് ഇക്കാര്യത്തിൽ ഒരു വ്യക്തതയുമില്ല. ഓരോ കണക്കുകളും സമ്പദ് വ്യവസ്ഥയുടെ തെറ്റായ ദിശയാണ് കാണിക്കുന്നത്. ഈ വർഷാവസാനം ജി.ഡി.പി അഞ്ചിലെത്തിയാൽ ഭാഗ്യമെന്നു കരുതാമെന്നും ചിദംബരം വാർത്താസമ്മേളനനത്തിൽ പറഞ്ഞു.അതേസമയം മാദ്ധ്യമങ്ങളോട് സംസാരിക്കവെ ചിദംബരം ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വിമർശിച്ചു. കേന്ദ്രമന്ത്രിയെന്ന നിലയിൽ ക്ലീൻ റെക്കാർഡാണ് തനിക്കുള്ളതെന്ന പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു ജാവദേക്കറുടെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട വിഷയം മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്നാണ് ജാമ്യ വ്യവസ്ഥ.