sa-bobde

ന്യൂഡൽഹി:നീതിന്യായ വ്യവസ്ഥയിൽ മാറ്റങ്ങൾ അനിവാര്യമാണെങ്കിലും പ്രതികാരം ചെയ്യലല്ല നീതിയെന്നും പ്രതികാരത്തിലൂടെ ഒരിക്കലും

നീതി നടപ്പാക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞു.

ജോധ്പൂരിൽ രാജസ്ഥാൻ ഹൈക്കോടതിയുടെ പുതിയ

കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെലങ്കാനയിൽ യുവതിയെ മാനഭംഗത്തിനു ശേഷം ചുട്ടുകരിച്ച കേസിലെ

പ്രതികളെ പൊലീസ് വെടിവച്ചു കൊന്ന സംഭവത്തെ പരോക്ഷമായി പരാമർശിച്ചാണ് ചീഫ് ജസ്‌റ്റിസിന്റെ വിലയിരുത്തൽ.

നീതി പ്രതികാരമായാൽ അതിന്റെ സ്വഭാവം മാറും. ഗുണം നഷ്‌ടപ്പെടും.

നീതി ഒരിക്കലും പ്രതികാരത്തിന്റെ രൂപം കൈക്കൊള്ളാൻ പാടില്ല.അത് പ്രതികാരത്തിലൂടെ നേടിയെടുക്കേണ്ടതുമല്ല.

തൽക്ഷണം ലഭിക്കുന്നതും പെട്ടെന്ന്

നടപ്പാക്കേണ്ടതും അല്ല നീതിയെന്നും ചീഫ് ജസ്‌റ്റിസ് ചൂണ്ടിക്കാട്ടി.

ഈയിടെ രാജ്യത്തു നടന്ന സംഭവങ്ങൾ പഴയൊരു തർക്കത്തെ പുതിയ രൂപത്തിൽ തിരികെ കൊണ്ടുവന്നിരിക്കുന്നു. ഇന്ത്യൻ ക്രിമിനൽ നീതി ന്യായ വ്യവസ്ഥ അതിന്റെ ഇപ്പോഴത്തെ അവസ്ഥ പുനഃപരിശോധിക്കണം. ക്രിമിനൽ കേസുകൾ കോടതിയിൽ തീർപ്പാക്കുന്നതിലെ കാലവിളംബം പരിശോധിക്കണം. കോടതി നടപടികൾ വേഗത്തിലാക്കണം.അതേസമയം നീതി എന്നത് തൽക്ഷണം

ലഭിക്കുന്നതല്ല. അങ്ങനെയാകാനും പാടില്ല. ജുഡിഷ്യറിയിൽ ഒരു സ്വയം തിരുത്തലിനുള്ള നടപടികളും അനിവാര്യമാണ്. നിയമ നടപടികളിലെ കാലതാമസം ഒഴിവാക്കാനുള്ള വഴികൾ കണ്ടെത്തണം. അത് പരസ്യമാക്കി വേണോ എന്നത് ചർച്ചകൾക്ക് വിധേയമാകണം. വ്യവഹാരങ്ങൾ വേഗത്തിൽ തീർപ്പാക്കാൻ മാത്രമല്ല വ്യവഹാരങ്ങൾ

ഒഴിവാക്കാനും കഴിയണം.കേസുകൾ നിയമ നടപടികൾക്ക് മുമ്പ്

മദ്ധ്യസ്ഥതയിലൂടെ തീർപ്പാക്കാൻ നിയമം അനുശാസിക്കുന്നുണ്ട്. ഇത്തരം മദ്ധ്യസ്ഥതാ ശ്രമങ്ങൾ കർശനമാക്കണം. മദ്ധ്യസ്ഥതാ ചർച്ച പഠിപ്പിക്കുന്ന കോഴ്‌സുകൾ ഇല്ലാത്തത് ആശ്‌ചര്യകരമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.