ന്യൂഡൽഹി: നിർഭയയെപ്പോലെ വീണ്ടുമൊരു ഡിസംബറിനെ കണ്ണീരിലാഴ്ത്തി ഇന്നലെ മരണത്തിന് കീഴടങ്ങിയ ഉന്നാവോ യുവതിക്ക് അശ്രുപൂക്കളോടെ രാജ്യം ആദരാഞ്ജലി നേർന്നു. ലൈംഗിക പീഡനത്തെ അതിജീവിച്ച യുവതിയെ (23) പ്രതികൾ തീകൊളുത്തിക്കൊന്നതിൽ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം അരങ്ങേറി.
ഗുരുതരമായി പൊള്ളലേറ്റ് സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി വെള്ളിയാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ രാത്രി ഉന്നാവോയിൽ എത്തിച്ച മൃതദേഹം സംസ്കരിച്ചു.
യുവതിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ ഉത്തർപ്രദേശ് മന്ത്രിമാർക്കും എം.പിക്കുമെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, കമൽ റാണി വരുൺ എന്നിവർക്കും ബി.ജെ.പി എംപി സാക്ഷി മഹാരാജിനുമാണ് ജനങ്ങളുടെ രോഷപ്രകടനം നേരിടേണ്ടിവന്നത്. അതേസമയം, കേസ് അതിവേഗ കോടതി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അറിയിച്ചു.
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി ഉന്നാവോയിൽ എത്തി പെൺകുട്ടിയുടെ ബന്ധുക്കളെ സന്ദർശിച്ചു.
ഉന്നാവോ പെൺകുട്ടി മരിച്ചതറിഞ്ഞ് ഡൽഹി സഫ്ദർജംഗ് ആശുപത്രിക്ക് മുന്നിലേക്ക് രാവിലെ മുതൽ ജനം പ്രവഹിച്ചു. 2012ൽ നിർഭയ മരിച്ചതിന് ശേഷമുണ്ടായ പ്രതിഷേധത്തിന് സമാനമായിരുന്നു ജനവികാരം. പെൺകുട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വൈകിട്ട് ഇന്ത്യാ ഗേറ്റിൽ നൂറുകണക്കിന് ആളുകൾ മെഴുകുതിരി കത്തിച്ച് ഒത്തു ചേർന്നു.
പ്രതികളെ വെടിവച്ചു കൊല്ലണം:അച്ഛൻ
'ഹൈദരാബാദിൽ പ്രതികളെ കൊന്ന പോലെ എന്റെ മകളെ തീകൊളുത്തിയവരേയും വെടിവെച്ച് കൊല്ലുകയോ തൂക്കിക്കൊല്ലുകയോ വേണം. എനിക്കാരും വീടുവച്ചു തരേണ്ട. മറ്റൊന്നും വേണ്ട. പൊലീസ് ഞങ്ങളെ സഹായിച്ചില്ല. സ്റ്റേഷനിൽ നിന്ന് ആട്ടിയോടിച്ചു. പൊലീസ് സഹായിച്ചിരുന്നെങ്കിൽ എന്റെ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നു'.
കുഞ്ഞിനെ കത്തിക്കാൻ ശ്രമിച്ച് മാതാവ്
ഇതിനിടെ ഒരു യുവതി ആറുവയസുള്ള കുഞ്ഞിന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു. 'നീതി നടപ്പാക്കണമെന്ന്' ആക്രോശിച്ച് കുഞ്ഞിന്റെ ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. വനിതാ പൊലീസ് അവരെ പിടിച്ചു മാറ്റി തുണി കൊണ്ട് പെട്രോൾ തുടച്ചു.തുടർന്ന് യുവതിയെ കസ്റ്റഡിയിലെടുത്തു.
അവൻമാരെ തൂക്കിക്കൊല്ലണം
''എനിക്ക് മരിക്കാൻ ഇഷ്ടമില്ല, എന്നെ രക്ഷിക്കൂ. എന്നോടിത് ചെയ്തവൻമാരെ തൂക്കിലേറ്റുന്നത് എനിക്ക് കാണണം''. ബോധം നഷ്ടപ്പെടും മുമ്പ് യുവതി സഹോദരനോട് പറഞ്ഞ അവസാന വാക്കുകളാണിത്.