സൺഗ്രൂർ (പഞ്ചാബ്) : ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി പഞ്ചാബിലെ സൺഗ്രൂർ വാർ ഹീറോ സ്റ്റേഡിയത്തിൽ ഏറ്റുവാങ്ങിയതിന് പിന്നാലെ മീറ്റിന്റെ നാലാം ദിനം കേരളം ആദ്യ സ്വർണത്തിൽ മുത്തമിട്ടു. രണ്ട് വെള്ളിയും രണ്ട് വെങ്കലുമായി ആകെ അഞ്ച് മെഡലുകൾ നേടി പത്താം സ്ഥാനത്തിൽ നിന്ന് 65 പോയിന്റോടെ നാലാം സ്ഥാനവുമായാണ്

അവസാന ദിവസമായ

ഇന്ന്

മീറ്റിൽ ഒന്നാമത്തെത്താൻ മുൻ ചാമ്പ്യൻമാർ ട്രാക്കിലിറങ്ങുന്നത്. ഹരിയാനയും (95 പോയിന്റ് ), ഉത്തർപ്രദേശുമാണ് (88) കേരളത്തിന് വെല്ലുവിളി ഉയർത്തി ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നത്.

ഒരു സ്വർണം നേടി എന്നതൊഴിച്ചാൽ കേരളം വർഷങ്ങളായി കുത്തകയായി വച്ചിരിക്കുന്ന പല ഇനങ്ങളിലും വെള്ളിയും വെങ്കലവും അതിൽ താഴെയുള്ള സ്ഥാനങ്ങളുമായി തൃപ്തിപ്പെടേണ്ടി വന്നു എന്നതാണ് യാഥാർത്ഥ്യം. മുൻ വർഷങ്ങളിൽ ജമ്പ് ഇനങ്ങളിലും പോൾവാൾട്ടിലും റിലേയിലുമടക്കം ആധിപത്യം പ്രകടമാക്കിയിരുന്ന ടീമാണ് ഇത്തവണ നിരാശപ്പെടുത്തിയത്.

കേരള ടീമിന്റെ കുത്തകയായി ആൺകുട്ടികളുടെ ജൂനിയർ 4 x 100 മീറ്റർ റിലേയിൽ പൊടിപാറുന്ന പ്രകടനം കാഴ്ചവച്ചാണ് സ്വർണം സ്വന്തമാക്കിയത്. വാരിഫ് ബോഗിമൗൻ ( ഇരിങ്ങാലക്കുട നാഷണൽ എച്ച്.എസ്.എസ്), സ്റ്റാലിൻ ജോസഫ് (കൊല്ലം സായി), മുഹമ്മദ് ഷാൻ (കടകശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ്), മുഹമ്മദ് ഹനാൻ (താനൂർ ദേവദാർ എച്ച്.എസ്.എസ്) എന്നിവരാണ് സ്വർണം നേടിയത്. എന്നാൽ പെൺകുട്ടികളുടെ ജൂനിയർ 4x100 മീറ്റർ റിലേയിൽ വെള്ളിയുമായി മടങ്ങേണ്ടി വന്നു. അലീന വർഗീസ് (ഭരണങ്ങാനം സെന്റ് മേരീസ്), ഫിസ റഫീക്ക് (എറണാകുളം സെന്റ് തെരേസാസ്), വിദ്യ കെ.കെ.(ടി.ആർ.കെ. എച്ച്.എസ്.എസ്. വാണിയംകുളം), സാന്ദ്രമോൾ സാബു (എസ്.എം.വി.എച്ച്.എസ്.എസ് പൂഞ്ഞാർ) എന്നിവരാണ് ടീമിലുണ്ടായിരുന്നത്.

ജൂനിയർ ആൺകുട്ടികളുടെ വിഭാഗം പോൾവാൾട്ടിൽ എം. അക്ഷയും ( മാർ ബേസിൽ) പെൺകുട്ടികളുടെ വിഭാഗം ഹാമർത്രോയിൽ ബ്ലസി ദേവസ്യയും ( പ്ലസ് ടു, കോതമംഗലം മാതിരപ്പള്ളി ജി.വി.എച്ച്.എസ് ) വെള്ളി നേടി. 4.10 മീറ്റർ ഉയത്തിൽ ചാടിയാണ് അക്ഷയ് വെള്ളിയിൽ മുത്തമിട്ടത്.

ജൂനിയർ പെൺകുട്ടികളുടെ വിഭാഗം 3000 മീറ്ററിൽ കട്ടിപ്പാറ ഹോളി ഫാമിലി എച്ച്.എസ്.എസിലെ കെ.പി. സനികയും സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗം 80 മീറ്റർ ഹഡിൽസിൽ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി വാംഗ്മയ് മുകറാമും വെങ്കലം നേടി.

സ്വർണം - 1

വെള്ളി - 3

വെങ്കലം -3