ന്യൂഡൽഹി: ഡൽഹിയിലെ ലെഗേജ് നിർമ്മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റും ശ്വാസംമുട്ടിയും 43 തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ബീഹാറിൽ നിന്നടക്കമുള്ള ഉത്തരേന്ത്യൻ തൊഴിലാളികളാണ് മരിച്ചത്.
ഇതിൽ 13 വയസുകരനും ഉൾപ്പെടുന്നു.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പുലർച്ചെ അഞ്ചോടെ സെൻട്രൽ ഡൽഹിയിലെ അനജ് മണ്ഡിയിലെ നാലുനില കെട്ടിടത്തിലെ രണ്ടാംനിലയിലാണ് തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളിലേക്കും തുണിത്തരങ്ങളിലേക്കും തീ പടരുകയായിരുന്നു. അധികം വൈകാതെ തീ മുകളിലത്തെ നിലയിലേക്കും വ്യാപിച്ചു. നാലാംനിലയിലെ ഹാളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു തൊഴിലാളികൾ. കത്തിക്കരിഞ്ഞ പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാനായിട്ടില്ല. കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശമായതിനാൽ രക്ഷാപ്രവർത്തനത്തെ ബാധിച്ചു. കെട്ടിട ഉടമ റെഹാനെയ്ക്കും മാനേജർ ഫുർക്കാനെയ്ക്കും എതിരെ പൊലീസ് കേസെടുത്തു.
ഡൽഹി ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം ഡൽഹി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചു. ജില്ലാ മജിസ്ട്രേറ്റ് അരുൺകുമാർ മിശ്ര
അന്വേഷിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു. ഫാക്ടറി പ്രവർത്തിച്ചത് നിയമവിരുദ്ധമായാണെന്നും സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു. നിയമവിരുദ്ധമായിരുന്നെങ്കിൽ ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പൽ കോർപറേഷൻ ഫാക്ടറി എന്തുകൊണ്ട് അടച്ചുപൂട്ടിച്ചില്ലെന്നും ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്നും ആംആദ്മി പാർട്ടി തിരിച്ചടിച്ചു.
ധനസഹായം പ്രഖ്യാപിച്ച്
വിവിധ സർക്കാരുകൾ
സംഭവസ്ഥലം സന്ദർശിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവർക്ക് രണ്ടുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരതാശ്വാസനിധിയിൽ നിന്ന് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ച ബീഹാർ സ്വദേശികളുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപ ബീഹാർ സർക്കാർ നൽകും.
കാറ്റ് കയറാത്ത കെട്ടിടം, സുരക്ഷാ സംവിധാനങ്ങളില്ല
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തുള്ള ഫാക്ടറിയിൽ എളുപ്പത്തിൽ തീപിടിക്കുന്ന ഉത്പന്നങ്ങളാണ് നിർമ്മിക്കുന്നത്. ഓരോ നിലയിലും 4-5 മുറികൾ. താഴത്തെ നിലയിൽ പ്ലാസ്റ്റിക് കളിപ്പാട്ട നിർമ്മാണ യൂണിറ്റ്. ഒന്നാമത്തെ നിലയിൽ കാർബോർഡ് നിർമ്മാണ യൂണിറ്റ്. രണ്ടാമത്തെ നിലയിൽ വസ്ത്രനിർമ്മാണവും മൂന്നാമത്തെ നിലയിൽ ജാക്കറ്റ് നിർമ്മാണവും. വെന്റിലേഷൻ ഇല്ലാത്ത നിലയിലാണ് കെട്ടിടം. രണ്ട് സ്റ്റെയർകേസുകളിൽ ഒന്ന് സാധനങ്ങൾ വച്ച് അടച്ചിരുന്നു. കെട്ടിടത്തിന് അഗ്നിസുരക്ഷാ വിഭാഗത്തിന്റെ അനുമതിയുണ്ടായിരുന്നില്ലെന്നും അഗ്നിസുരക്ഷാ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടില്ലെന്നും ഡൽഹി ഫയർസർവീസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു. 30 ഫയർ എൻജിനുകളാണ് സ്ഥലത്തെത്തിയത്. ദേശീയദുരന്തനിവാരണ സേനയുടെ സംഘവും 150 അഗ്നിശമനസേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. രക്ഷാപ്രവർത്തനത്തിനിടെ രണ്ട് ഫയർമാൻമാർക്ക് പരിക്കേറ്റു.
11പേരെ രക്ഷിച്ച് രാജേഷ് ശുക്ല
പരിക്ക് വകവയ്ക്കാതെ പതിനൊന്നുപേരുടെ ജീവൻരക്ഷിച്ച ഫയയർമാൻ രാജേഷ് ശുക്ല ഹീറോയായി.
കെട്ടിടത്തിനുള്ളിലേക്ക് ആദ്യം പ്രവേശിച്ച ഫയർമാൻമാരിൽ ഒരാളാണ് രാജേഷ്. രക്ഷാപ്രവർത്തനത്തിനിടെ രാജേഷിന് കാലിന് പരിക്കേറ്റു. ഡൽഹി എൽ.എൻ.ജെ.പി. ആശുപത്രിയിൽ ചികിത്സയിലാണ് രാജേഷ്. പരിക്ക് ഗുരുതരമല്ല. ഡൽഹി ആഭ്യന്തരമന്ത്രി സത്യേന്ദർ ജെയിൻ ആശുപത്രിയിലെത്തി അഭിനന്ദിച്ചു.
രണ്ടാമത്തെ വലിയ തീപിടിത്ത ദുരന്തം
ഉപഹാർ തിയേറ്റർ തീപിടിത്ത ദുരന്തത്തിന് ശേഷമുള്ള രണ്ടാമത്തെ വലിയ തീപിടിത്തമാണ് ഇന്നലത്തേത്. 1997 ജൂൺ 13ന് ഡൽഹി ഗ്രീൻപാർക്കിലെ ഉപഹാർ സിനിമാ തിയേറ്ററിലുണ്ടായ തീപിടിത്തത്തിൽ 59 പേർ മരിച്ചിരുന്നു. 100ലധികം പേർക്ക് പരിക്കേറ്റു. കഴിഞ്ഞവർഷം ബവാനയിലുണ്ടായ തീപിടിത്തത്തിൽ 17 തൊഴിലാളികൾ മരിച്ചിരുന്നു.