
ന്യൂഡൽഹി: വിവാദ പൗരത്വ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ ഇന്ന് ലോക് സഭയിൽ അവതരിപ്പിക്കും.
ഒന്നാം മോദി സർക്കാരിന്റെ കാലത്ത് 2016 ൽ അവതരിപ്പിച്ച ബിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ലോക് സഭ പാസാക്കിയിരുന്നു. എന്നാൽ , ഉയർന്ന ശക്തമായ എതിർപ്പിനെ തുടർന്ന് വടക്കുകിഴക്കൻ മേഖലയിലെ ചില സംസ്ഥാനങ്ങളെയും പ്രദേശങ്ങളെയും ഒഴിവാക്കി പരിഷ്കരിച്ച ബില്ലാണ് ഇന്ന് അവതരിപ്പിക്കുക.
കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി ബില്ലിനെ എതിർക്കാൻ പ്രതിപക്ഷത്ത് ധാരണയായിട്ടുണ്ട്. വിഷയം ചർച്ചചെയ്യാൻ ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയുടെ വസതിയിൽ മുതിർന്ന നേതാക്കൾ യോഗം ചേർന്നു.. രാജ്യത്തെ ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. യു.പി.എ കക്ഷികളെ കൂടാതെ തൃണമൂലും ഇടത് കക്ഷികളും ബില്ലിനെ എതിർക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റു പ്രതിപക്ഷ പാർട്ടികളുമായി കോൺഗ്രസ് അനൗദ്യോഗികമായി ചർച്ച നടത്തിയിരുന്നു. അതേസമയം , കോൺഗ്രസിന്റെ മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേന ബില്ലിന് അനുകൂലമാണ്. വിവാദവിഷയങ്ങളിൽ ചർച്ചചെയ്ത് പൊതുമദ്ധ്യത്തിൽ ഒരേസ്വരത്തിൽ പ്രതികരിക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ രൂപീകരണ സമയത്ത് ധാരണയുണ്ടായിരുന്നു. ഇതിന് വിരുദ്ധമായാണ് ശിവസേന എം.പി അരവിന്ദ് സാവന്ത് ബില്ലിനെ അനുകൂലിച്ച് രംഗത്തുവന്നത്.
ദേശീയ പൗരത്വഭേദഗതി ബില്ലിനെ പാർലമെൻറിൽ എതിർക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിലല്ല പൗരത്വം തീരുമാനിക്കേണ്ടത്. ബില്ലിൽ വോട്ടെടുപ്പ് ആവശ്യപ്പെടുമെന്നും യെച്ചൂരി പറഞ്ഞു
ബിൽ ഇങ്ങനെ:
പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് മതാടിസ്ഥാനത്തിലുള്ള പീഡനങ്ങളെ തുടർന്ന് ഇന്ത്യയിലേക്ക് കുടിയേറി ആറുവർഷം കഴിഞ്ഞ ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, ക്രിസ്ത്യൻ, പാഴ്സി മതവിഭാഗക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ വ്യവസ്ഥ
ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെട്ട വടക്ക് കഴിക്കൻ സംസ്ഥാനങ്ങളിലെ പത്ത് ജില്ലകളും 1873 ലെ ബംഗാൾ കിഴക്കൻ അതിർത്തി നിയന്ത്രണപ്രകാരം പുറപ്പെടുവിച്ച 'ഇന്നർ ലൈൻ' വിജ്ഞാപനത്തിന് കീഴിൽ വരുന്ന പ്രദേശങ്ങളെയും ഒഴിവാക്കി
അരുണാചൽ, നാഗാലാൻഡ്, മിസോറം സംസ്ഥാനങ്ങൾക്കും അസം, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിലെ സ്വയംഭരണാധികാരമുള്ള ഏഴ് ജില്ലകൾക്കും ബാധകമല്ല.