congress-politics

ന്യൂഡൽഹി: ഉന്നാവയിലേതടക്കമുള്ള രാജ്യത്തെ പീഡനസംഭവങ്ങളിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിഷേധിക്കാൻ കോൺഗ്രസ് തീരുമാനം. വെള്ളിയാഴ്ച വിഷയം ശൂന്യവേളയിൽ ഉന്നയിച്ച് കോൺഗ്രസ് വാക്കൗട്ട് നടത്തിയിരുന്നു. ആഭ്യന്തരമന്ത്രിക്ക് പകരം സഭയിലുണ്ടായിരുന്ന കേന്ദ്രവനിതാശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി മറുപടി പറയാൻ ശ്രമിച്ചെങ്കിലും കോൺഗ്രസ് ബഹളത്തിൽ സഭ പിരിയുകയായിരുന്നു.

പ്രതാപനും ഡീനിനുമെതിരെ പ്രമേയം ഇന്ന്
....................................................

ഉന്നാവ ഉന്നയിച്ചുള്ള ബഹളത്തിനിടെ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്കു നേരെ കൈചുരുട്ടി ആക്രോശിച്ച കോൺഗ്രസ് അംഗങ്ങളായ ടി.എൻ. പ്രതാപനെയും ഡീൻകുര്യാക്കോസിനെയും സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിൽ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം ഇന്ന് ബി.ജെ.പി ലോക്സഭയിൽ അവതരിപ്പിക്കും. ഇരുവരും നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യം കോൺഗ്രസ് തള്ളിയിരുന്നു. വിഷയം വഴിതിരിച്ചുവിടാനാണ് കേന്ദ്രസർക്കാർ ശ്രമമെന്നാണ് കോൺഗ്രസ് നിലപാട്.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ടുള്ള കോൺഗ്രസ് ബഹളത്തിനിടെയാണ് പ്രതാപനും ഡീനും സ്‌മൃതി ഇറാനിയുമായി വാക്കേറ്റമുണ്ടായത്. വനിതാ മന്ത്രിയോട് മോശമായി പെരുമാറിയ ഇരുവരും മാപ്പ് പറയണമെന്ന് വെള്ളിയാഴ്ച ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

അടുത്തിടെ പ്രതാപൻ സസ്‌പെൻഷനിലായതും ചൂണ്ടിക്കാട്ടി ആം ആദ്മി, ബി.ജെ.ഡി എം.പിമാരും ബി.ജെ.പിയെ പിന്തുണയ്ക്കുകയാണ്.